‌‌‘അച്ഛേ ദിൻ’ ഉപേക്ഷിച്ച് മോദിയും ഷായും; ഇനി ‘അജയ്യ ഭാരതം, അടൽ ബിജെപി’

നരേന്ദ്ര മോദി, അമിത് ഷാ.

ന്യൂഡൽഹി ∙ കഴിഞ്ഞ തവണത്തെ ‘അച്ഛേ ദിൻ’ ഉപേക്ഷിച്ച ബിജെപി, ഇത്തവണ പുതിയ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിലേക്ക്. ‘അജയ്യ ഭാരതം, അടൽ ബിജെപി’ (ആർക്കും തോൽപിക്കാനാകാത്ത ഇന്ത്യ, അടിയുറച്ച ബിജെപി) എന്ന മുദ്രാവാക്യം പാർട്ടി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപിച്ചത്. മോദിയുടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും നേതൃത്വത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങാനും യോഗം തീരുമാനിച്ചു. അടുത്ത 50 വർഷവും ബിജെപി ഇന്ത്യ ഭരിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളും രാജ്യത്തിന്റെ പുരോഗതിയും മുറുകെപിടിച്ചു കൊണ്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുക. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കുള്ള ആദരവു കൂടിയായാണു പുതിയ മുദ്രാവാക്യം. മുഖത്തോടു മുഖം നോക്കാൻ പോലും മടിച്ചിരുന്നവരാണ് ഇപ്പോൾ മഹാസഖ്യമുണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടെ പ്രവർത്തനം ശരിയായ ദിശയിലാണെന്നാണ് ഇതു തെളിയിക്കുന്നത്. ചെറുപാർട്ടികൾ പോലും സഖ്യത്തിൽ കോൺഗ്രസിനെ നേതൃനിരയിലേക്കു വരാൻ അനുവദിക്കില്ല. രാജ്യത്തെ സമൃദ്ധിയിലേക്കു നയിക്കുകയാണു തന്റെ ലക്ഷ്യം. ലാളിത്യത്തിലൂന്നിയായിരിക്കും അതിനുള്ള പ്രവർത്തനങ്ങൾ’– മോദി പറഞ്ഞു.

ദേശീയ നിർവാഹക സമിതിയിലെ ചർച്ചകളെപ്പറ്റി മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദാണ് മാധ്യമങ്ങളോടു വിശദീകരിച്ചത്. കഴിവു തെളിയിക്കുന്നതിലേക്കും പ്രതീക്ഷകളിലേക്കുമാണു രാജ്യത്തിന്റെ രാഷ്ട്രീയം നീങ്ങുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി അനായാസ വിജയം നേടും. അതിനു തക്കതായ പ്രവർത്തനങ്ങളാണു നടപ്പാക്കിയിരിക്കുന്നത്. വെറുപ്പിനെ അടിസ്ഥാനമാക്കിയല്ല, കേന്ദ്ര സർക്കാരിന്റ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം. 2001ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും അവിടെ പാർട്ടി തോറ്റിട്ടില്ല. അതു ബിജെപിയുടെ ഭരണമികവു കൊണ്ടാണെന്നു ഷാ പറഞ്ഞതായി രവിശങ്കർ വ്യക്തമാക്കി.