യുപിയിൽ വിഷംകഴിച്ചു ചികിൽസയിലായിരുന്ന യുവ ഐപിഎസ് ഓഫിസർ മരിച്ചു

സുരേന്ദ്ര കുമാർ ദാസ്.

കാൻപുർ∙ വിഷംകഴി‍ച്ചു ചികിൽസയിലായിരുന്ന യുപിയിലെ യുവ ഐപിഎസ് ഓഫിസർ സുരേന്ദ്ര കുമാർ ദാസ് മരിച്ചു. ഞായറാഴ്ച കാൻപുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെയാണു മുപ്പതുകാരനായ ഓഫിസറെ വിഷംകഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന പൊലീസ് മേധാവി, മറ്റു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുശോചിച്ചു.

‘ജീവിതം അവസാനിപ്പിക്കാനുള്ള വഴികൾ എന്തെല്ലാം’ എന്ന് ആത്മഹത്യാ ശ്രമത്തിനു മുൻപായി സുരേന്ദ്ര കുമാർ സജീവമായി അന്വേഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ലാപ്ടോപ്, മൊബൈൽ എന്നിവയുടെ ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ചാണു പൊലീസും സൈബർ വിദഗ്ധരും ഇക്കാര്യം കണ്ടെത്തിയത്. ‘അദ്ദേഹം വിഷാദത്തിലായിരുന്നു. വിഷത്തിന്റെ ഉപയോഗം, കത്തി കൊണ്ടുള്ള ആത്മഹത്യ തുടങ്ങിയവയുടെ വിഡിയോകൾ കണ്ടിരുന്നു. അദ്ദേഹത്തിന്റെ മനോനില ശരിയായിരുന്നില്ല’– എസ്എസ്പി ആനന്ദ് ദേവ് പറഞ്ഞു.

ഓഗസ്റ്റ് ഒൻപതിനാണു കാൻപുർ ഈസ്റ്റ് എസ്പിയായി സുരേന്ദ്ര കുമാർ നിയമിക്കപ്പെട്ടത്. ജോലിയിലുള്ള സമ്മർദമാണോ ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊലീസ് പരിശോധിക്കും. അതേസമയം, സുരേന്ദ്ര കുമാറും ഭാര്യ രവീണ സിങ്ങും തമ്മിൽ ഭക്ഷണത്തെച്ചൊല്ലി വഴക്കുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ വസതിയിലെ ജീവനക്കാർ പൊലീസിനെ അറിയിച്ചു. ജന്മാഷ്ടമിക്കു രവീണ നോൺ–വെജ് പിസ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കമുണ്ടായിരുന്നെന്നാണു വെളിപ്പെടുത്തൽ.