കര കയറാനാകാതെ കറൻസി; ഡോളറിന് 72.50 രൂപ, റെക്കോർഡ്

മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ വികസ്വര രാജ്യ കറൻസികൾ ക്ഷീണിക്കുന്നതു തുടരുന്നു. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ 45 പൈസ ഇടിഞ്ഞ് ഡോളറിന് 72.18 രൂപയായ ഇന്ത്യൻ കറൻസി, പിന്നീട് 72.50 എന്ന നിലയിലേക്കു കൂപ്പുകുത്തിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടർന്നു രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ 26 പൈസ വർധിച്ച് 71.73ൽ ആയിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തിൽ രൂപ 72.04 വരെ എത്തിയെങ്കിലും ആർബിഐ ഇടപെട്ടതോടെ ശക്തി നേടുകയായിരുന്നു. സെപ്റ്റംബർ ആറിന് രൂപയുടെ മൂല്യം 72.11ൽ എത്തിയിരുന്നു.