Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപ ഇടിയുമ്പോൾ കയറ്റുമതി കുതിക്കുന്നു

container ship in import,export port against beautiful morning light of loading ship yard use for freight and cargo shipping vessel transport

രൂപയുടെ വിലയിടിവു സാമ്പത്തികരംഗത്തെ പിടിച്ചുലയ്ക്കുമ്പോൾ, ആശ്വാസം കണ്ടെത്തുന്ന ഒരു മേഖലയുണ്ട്. കയറ്റുമതി. ആഗോള തലത്തിൽ ഡോളർ ശക്തിപ്പെടുമ്പോൾ, കയറ്റുമതി വരുമാനവും കൂടുന്നു. ഐടി രംഗത്ത് കേരളം കുതിപ്പിനൊരുങ്ങുമ്പോൾ കയറ്റുമതിയിലും നേട്ടം കൊയ്യാൻ തയാറെടുക്കുകയാണ് സംസ്ഥാനത്തെ ഐടി കമ്പനികൾ. 

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതിക്ക് തിരിച്ചടി നൽകിയപ്പോഴും കയറ്റുമതിയിൽ കേരളം മുന്നിട്ട് നിൽക്കുകയാണ്. ഈ വർഷം ആദ്യ പകുതിയിൽ  കയറ്റുമതിയിൽ ഏകദേശം 43 ശതമാനം വർധന ഉണ്ടായി. അതേസമയം, ഇന്ത്യയിലെ സോഫ്റ്റ്‌വെയർ  ടെക്നോളജി പാർക്കുകൾ കൈവരിച്ചത് 18 ശതമാനം വളർച്ചയും. 

ഡോളറുമായുള്ള വിനിമയത്തിൽ രൂപ കനത്ത തകർച്ചയെ നേരിട്ടു തുടങ്ങിയത് ജൂൺ മുതലാണ്. വർഷത്തിന്റെ തുടക്കം മുതൽ ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു രൂപ. ഈ വർഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ 10 ശതമാനം ഇടിവാണ് നേരിട്ടത്. ഇത് നേട്ടമാക്കുകയാണ് ഐടി രംഗം. കൊച്ചി  പ്രത്യേക സാമ്പത്തിക മേഖല (സെസ്) ജൂൺ മുതൽ ഓഗസ്റ്റ് വരെ കയറ്റുമതിയിൽ മികച്ച നേട്ടമാണു കൈവരിച്ചത്. 50ൽ ഏറെ കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. ഭക്ഷ്യ, കാർഷിക ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്  ആൻഡ് ഹാർഡ്‌വെയർ, എൻജിനീയറിങ്, ഗാർമെന്റ്സ് ആൻഡ് ടെക്സ്റ്റൈൽസ്, ജെംസ് ആൻഡ് ജ്വല്ലറി, സേവനം, പരുത്തി ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്, റബർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് അധികവും. 

ഇവയെല്ലാം കൂടി ജൂണിൽ നടത്തിയത് 4624  കോടി രൂപയുടെ കയറ്റുമതി. കഴിഞ്ഞ വർഷം ജൂണിൽ ഇത് 256 കോടിയായിരുന്നു. ജൂലൈയിലും സ്ഥിതി വ്യത്യസ്തമല്ല. 4787 കോടി രൂപയുടെ കയറ്റുമതി നടത്തി. 2017 ജൂലൈയിൽ ഇത് 200 കോടിയും. എന്നാൽ ഓഗസ്റ്റിൽ കയറ്റുമതിയുടെ തോത് കുറഞ്ഞു. 2017 ൽ 308 കോടി രൂപയുടെ കയറ്റുമതി നടത്തിയപ്പോൾ ഈ വർഷം നടന്നത് 2917 കോടി രൂപയുടെ കയറ്റുമതി. 

പ്രളയം പിടികൂടി

പ്രളയ ദുരന്തത്തിൽ  കയറ്റുമതിയും അകപ്പെട്ടു. വിമാന മാർഗമാണ് കയറ്റുമതി അധികവും. ഓഗസ്റ്റ് പകുതിയോടെ വിമാനത്താവളം അടച്ചതുമൂലം സെസിൽ നിന്നുള്ള കയറ്റുമതി  നിലച്ചതായി  സെസ് ഡപ്യൂട്ടി ഡെവലപ്മെന്റ് കമ്മിഷണർ സാജു കെ. സുരേന്ദ്രൻ പറഞ്ഞു. കപ്പലുകളുടെ  വരവ് കുറഞ്ഞതോടെ  തുറമുഖം വഴിയുള്ള കയറ്റുമതിക്കും തിരിച്ചടിയായി.  വരും  മാസങ്ങളിൽ കയറ്റുമതിയിൽ വളർച്ച പ്രതീക്ഷിക്കുന്നതായും സാജു പറയുന്നു. 

മുന്നിൽ സ്വർണാഭരണങ്ങൾ

വജ്രം, സ്വർണാഭരണ തിളക്കത്തിലാണ് സെസ്. ജൂണിൽ ജെംസ് ആൻഡ് ജ്വല്ലറി മേഖലയിൽ നിന്നുള്ള കയറ്റുമതി 4422 കോടി രൂപയുടെതായിരുന്നു. രണ്ടാം സ്ഥാനത്ത് ഇലക്ട്രോണിക്സ്  ആൻഡ് 

ഹാർഡ്‌വെയർ; 61.06 കോടി രൂപ. എൻജിനീയറിങ് രംഗത്തിന്റെ വിഹിതം 10.01 കോടിയും. ജൂലൈയിൽ ഇത് 4562 കോടി, 84.02 കോടി, 6.55 കോടി രൂപ എന്നിങ്ങനെയാണ്. ഓഗസ്റ്റിൽ ജെംസ് ആൻഡ് ജ്വല്ലറി  കയറ്റുമതി 2741 കോടിയായി കുറഞ്ഞു. 57.81 കോടിയുടെ ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ്‌വെയർ കയറ്റുമതിയാണ് നടന്നത്. 

ചൈന മികച്ച വിപണി

രൂപയുടെ വിലയിടിവ് ചൈനയിലേക്കുള്ള  കയറ്റുമതിക്ക് കൂടുതൽ സാധ്യതകൾ തുറന്നു നൽകുന്നതായി കയറ്റുമതിക്കാർ പറയുന്നു. ചൈനയുടെ കറൻസിയായ യുവാനുമായി താരതമ്യപ്പെടുത്തിയാൽ രൂപയുടെ  മൂല്യത്തിൽ 10 ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായത്. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കനത്ത ഇടിവ് നേരിട്ട കറൻസിയും  രൂപയാണ്. അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനിടെ യുവാന്റെ മൂല്യം 8 ശതമാനം ഉയരുകയു ചെയ്തു.  ചൈന – യുഎസ് വ്യാപാര യുദ്ധം മുറുകിയതോടെ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് സോയാബീൻ, പഞ്ചസാര എന്നിവയുടെ കയറ്റുമതി  വർധിക്കാൻ  സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടുന്നു.

കയറ്റുമതി: സാധ്യതകൾ ഇങ്ങനെ

∙ കയറ്റുമതിക്കാരിൽ 88 ശതമാനവും ബില്ലയക്കുന്ന കണക്ക് (ഇൻവോയ്സ്) ഡോളറിലാണ്. ഉൽപന്ന വില രൂപയിലും ഇൻവോയ്സ് ഡോളറിലുമാകുമ്പോൾ ഇറക്കുമതിക്കാർക്ക് നേട്ടമാകും. രൂപയുടെ മൂല്യം ഇടിയുന്തോറും ഇറക്കുമതിക്ക് ചെലവും കുറയും. 

∙  ചൈന – യുഎസ് വ്യാപാര യുദ്ധം  മുന്നിൽ കണ്ട് യുഎസുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയാൽ ഐടി ഉൾപ്പെടെ പല മേഖലകളിലും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് സാധ്യത കൂടും. വികസ്വര രാജ്യങ്ങളിൽ ചൈനയിൽ  വേതന നിരക്ക് കുതിച്ചുകയറുകയാണ്. ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ എന്നിവ കുറഞ്ഞ വിലയ്ക്ക് കയറ്റുമതി നടത്താനും കഴിയും.

∙ യൂറോപ്യൻ യൂണിയൻ വളർച്ചയുടെ പാതയിലാണ്. കഴിഞ്ഞ വർഷം 2.5 ശതമാനം വളർച്ച നേടിയിരുന്നു. 2008–2009ൽ കയറ്റുമതിയുടെ 21 ശതമാനം ഇയുവിലേക്കായിരുന്നു. ഇത് പിന്നീട് 16 

ശതമാനമായി കുറഞ്ഞു. വീണ്ടും ഈ വിപണി തിരിച്ചു പിടിക്കാനുള്ള സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. 

∙ ചൈനയുടെ ഉൽപാദന മേഖല 18 മാസത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. സാങ്കേതിക അധിഷ്ഠിതമായ അതിസങ്കീർണ ഉൽപന്നങ്ങളുടെ നിർമാണത്തിനാണ്  ചൈന മുൻതൂക്കം നൽകുന്നത്. ഇതോടെ ചെലവു കുറഞ്ഞ ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് ഇന്ത്യയിൽ നിന്ന് സാധ്യത ഏറി.

∙ ബംഗ്ലദേശ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾ  തൊഴിലാളികൾ ഏറെ ആവശ്യമുള്ള ഇലക്ട്രോണിക്സ്, അപ്പാരൽ രംഗത്ത് വൻ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. വേതനം കുറവായതിനാൽ ചെലവ് കുറച്ച് ഉൽപാദനം നടത്താനാവും. ഇത് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. 

ഡോളർ X രൂപ

1947     1 ഡോളർ =  1 രൂപ

1965    ...............   4.79 രൂപ

1971       .................  8.39 രൂപ

1991    .................   17.9 രൂപ

2000   ................   45 രൂപ

2013    .................. 60 രൂപ

2017    ................... 65 രൂപ

2018    ................... 73 രൂപ