യുഎസുമായി വ്യാപാരകരാറിന് ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചു: ട്രംപ്

ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ യുഎസുമായി വ്യപാരകരാറിന് ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണ‌ൾഡ് ട്രംപ്. വ്യാപാരകരാറിനു താൽപര്യം പ്രകടിപ്പിച്ച് ഇന്ത്യൻ പ്രതിനിധി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ആരാണു വിളിച്ചു സംസാരിച്ചതെന്നു ട്രംപ് വെളിപ്പെടുത്തിയില്ല. സൗത്ത് ഡെക്കോഡയിൽ നടന്ന സംയുക്ത ധനസമാഹരണ കമ്മിറ്റി യോഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം.

'മുൻപുള്ള സർക്കാരുകളുമായി വ്യപാരകരാറിന് അവർ താൽപര്യം കാട്ടിയിരുന്നില്ല. അപ്പോഴത്തെ വ്യാപാരസാഹചര്യങ്ങളിൽ അവർ സന്തുഷ്ടരായിരുന്നു. വിദേശ നേതാക്കൾ കൂടിക്കാഴ്ചയ്ക്കു വരുമ്പോൾ, അത് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ആയിരുന്നാലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നാലും അവരെല്ലാമായി സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. ചില വിദേശരാജ്യങ്ങൾ പതിറ്റാണ്ടുകളായി യുഎസിനെ മുതലെടുത്തുകൊണ്ടിരിക്കുകയാണ്. എന്നാൽ എനിക്ക് അവരോട് സൗഹൃദമാണ്. അവർ എന്നെ ബഹുമാനിക്കുകയും ഞാൻ അവരെ ബഹുമാനിക്കുകയും ചെയ്യുന്നു. അവർ നമ്മുടെ രാജ്യത്തെ വീണ്ടും ബഹുമാനിച്ചു തുടങ്ങിയിരിക്കുന്നു.' - ട്രംപ് പറഞ്ഞു.

'ഞാൻ ഭരണത്തിലേറുമ്പോൾ ജിഡിപി പരിതാപകരമായ നിലയിലായിരുന്നു. ഇപ്പോൾ മികച്ച വളർച്ചയാണു രേഖപ്പെടുത്തുന്നത്. ഒരു പരിധിവരെ അദ്ഭുതമാണ് ഈ വളർച്ച. എന്നാൽ യഥാർഥ അദ്ഭുതം കണ്ടുതുടങ്ങിയിട്ടില്ല, കാണാനിരിക്കുന്നതേയുള്ളു. ഇന്ത്യയ്ക്കും ചൈനയ്ക്കും മികച്ച വളർച്ച കൈവരിക്കാമെങ്കിൽ എന്തുകൊണ്ടു യുഎസിനും അങ്ങനായിക്കൂടാ? മറ്റേതു രാജ്യത്തെക്കാളും കൂടുതൽ കരുത്ത് യുഎസിനുണ്ട്' - ട്രംപ് പറഞ്ഞു. 

ഇന്ത്യ, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്കു നൽകിയിരുന്ന സബ്സിഡി നിർത്തലാക്കുമെന്നു ട്രംപ് ഭരണകൂടം അടുത്തിടെ വ്യക്തമാക്കിയിരുന്നു.