കലോൽസവം വേണമെന്ന് മെട്രോ മനോരമയിൽ സൂര്യ കൃഷ്ണമൂർത്തി; ഇടപെട്ട് മുഖ്യമന്ത്രി

സൂര്യ കൃഷ്ണമൂർത്തി (ഇടത്); പിണറായി വിജയൻ അയച്ച സന്ദേശത്തിന്റെ പകർപ്പ്.

തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോൽസവം ഉപേക്ഷിക്കാനുള്ള ആദ്യ തീരുമാനം പിൻവലിച്ചതിനു പിന്നിൽ യുഎസിൽ‌നിന്നു മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. അതിനു കാരണമായതാകട്ടെ, തിരുവനന്തപുരം മെട്രോ മനോരമയും സൂര്യാ കൃഷ്ണമൂർത്തിയും. കലോൽസവം ഉപേക്ഷിക്കരുതെന്നും ചെലവു ചുരുക്കി നടത്തണമെന്നുമുള്ള സൂര്യാ കൃഷ്ണമൂർത്തിയുടെ ആവശ്യം മെട്രോ മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ഇൗ വാർത്ത യുഎസിൽ വായിച്ച മുഖ്യമന്ത്രി ഇന്നലെ രാത്രി സൂര്യാ കൃഷ്ണമൂർത്തിക്ക് എസ്എംഎസ് സന്ദേശമയയ്ക്കുകയായിരുന്നു.

സന്ദേശം ഇങ്ങനെ:

‘‘പ്രിയപ്പെട്ട സൂര്യാ കൃഷ്ണമൂർത്തി,

കലോൽസവത്തെക്കുറിച്ചുള്ള താങ്കളുടെ പ്രതികരണം വായിച്ചു. താങ്കളോടു പൂർണമായി യോജിക്കുന്നു. കുറഞ്ഞ ചെലവിൽ കലോൽസവം സംഘടിപ്പിക്കാനാണു സർക്കാർ തീരുമാനം. ഒട്ടേറെ കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭിക്കും. കുട്ടികളെ നിരാശരാക്കാൻ നമുക്കാവില്ല.

യുഎസിൽനിന്ന്,
പിണറായി വിജയൻ’’

മെട്രോ മനോരമയിൽ വന്ന വാർത്ത.

തന്നെ പറ്റിക്കാൻ ആരോ അയച്ച സന്ദേശമെന്നു സംശയിച്ച കൃഷ്ണമൂർത്തി മുഖ്യമന്ത്രിയുടെ ഒാഫിസിൽ‌ വിളിച്ചു വിവരം അറിയിച്ചു.

പിന്നാലെ രാവിലെ മുഖ്യമന്ത്രി നേരിട്ടു ഫോണിൽ വിളിച്ചപ്പോഴാണു കിട്ടിയ സന്ദേശം സത്യമാണെന്നുറപ്പിച്ചത്. ലേഖനം വായിച്ചെന്നും അതിലെ നിർദേശങ്ങൾ ഉൾക്കൊള്ളുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചതായി സൂര്യാ കൃഷ്ണമൂർത്തി പറഞ്ഞു. കലോൽസവം ചെലവു ചുരുക്കി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആഘോഷങ്ങളെല്ലാം ഉപേക്ഷിക്കാനല്ല ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരാഴ്ചയായി യുഎസിലുള്ള മുഖ്യമന്ത്രി ആർക്കും പകരം ചുമതല നൽകിയില്ലെന്ന വിമർശനമുയർന്നിരുന്നു. എന്നാൽ അത്തരം വിമർശനങ്ങളുടെ മുനയൊടിക്കുന്നതാണ് ചികിൽസയ്ക്കിടയിലും ഭരണകാര്യങ്ങളിൽ അദ്ദേഹം കാട്ടുന്ന ജാഗ്രതയും ഇടപെടലും. മന്ത്രിമാർ എടുക്കുന്ന നിർണായക തീരുമാനങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ ‘കയ്യൊപ്പുണ്ട്’.

പ്രധാന ഫയലുകളുടെ ഉള്ളടക്കം അദ്ദേഹം അറിയുകയോ കാണുകയോ ചെയ്യുന്നു. ദുരിതാശ്വാസമായി നൽകിയ 10,000 രൂപ വായ്പയുടെ തിരിച്ചടവായി ബാങ്ക് ഇൗടാക്കിയെന്ന മനോരമ വാർത്തയെത്തുടർന്നും മുഖ്യമന്ത്രി യുഎസിൽനിന്ന് ഇടപെട്ടിരുന്നു. മന്ത്രി ഇ.പി. ജയരാജനോടു വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ബാങ്കുമായി ബന്ധപ്പെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു.