ശക്തി കുറഞ്ഞു, ഫ്ലോറൻസ് കാറ്റഗറി രണ്ടിലേക്ക്; ജാഗ്രത തുടരുന്നു

രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ ക്യാമറയിലൂടെ എടുത്ത ഫ്ലോറൻസ് ചുഴലിക്കാറ്റ് രൂപപ്പെടുന്ന വിഡിയോയിലെ ദൃശ്യം. സെപ്റ്റംബർ 12ന് എടുത്തത്.

വിൽമിങ്ടൻ (യുഎസ്)∙ തീരത്തേക്ക് ഇരച്ചെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി വിലയിരുത്തൽ. ശക്തി കുറഞ്ഞതോടെ ചുഴലിക്കാറ്റിനെ നാലിൽനിന്ന് രണ്ടാം കാറ്റഗറിയിലേക്കു മാറ്റി. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാകും കാറ്റു വീശുകയെന്ന് ദേശീയ ചുഴലിക്കാറ്റ് സെന്റർ അറിയിച്ചു.

അതേസമയം വീടുകളിൽനിന്ന് മാറിത്താമസിക്കണമെന്ന് അധികൃതർ ഇന്നും വ്യക്തമാക്കി. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ജീവിതം പ്രശ്നത്തിലാക്കുന്നത്. ഇപ്പോൾ തന്നെ മാറിത്താമസിക്കുക. ചുഴലിക്കാറ്റും മഴയും ആരംഭിച്ചതിനുശേഷം മാറാൻ ശ്രമിക്കരുതെന്നും നോർത്ത് കാരലൈന ഗവർണർ റോയ് കൂപ്പർ പറഞ്ഞു. യുഎസിന്റെ കിഴക്കൻ തീരപ്രദേശത്തുനിന്ന് 15 ലക്ഷത്തോളം പേർക്ക് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പുകൾക്കും പ്രവചനങ്ങൾക്കും ചെവികൊടുക്കാതെ ഒട്ടേറെപ്പേർ വീടുകളിൽ തന്നെ തുടരുന്നു.

എന്നാൽ, മേഖലയിൽനിന്നു പലായനം ചെയ്യുന്ന ആയിരക്കണക്കിനു വാഹനങ്ങൾകൊണ്ടു റോഡുകൾ നിറഞ്ഞിരിക്കുകയാണ്. ഇതോടെ ഇന്ധനക്ഷാമവുമുണ്ട്. കാരലൈന ബീച്ചിലേക്കുള്ള ഗതാഗതം രാത്രി എട്ടുമണിയോടെ തന്നെ അവസാനിപ്പിച്ചു.

ഫ്ലോറൻസിനെ നേരിടാൻ യുഎസ് തയാറാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. നോർത്ത്, സൗത്ത് കാരലൈനകൾ, വിർജീനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റുകളുടെ തീവ്രത കുറിക്കുന്ന ഒന്നു മുതൽ അഞ്ചു വരെയുള്ള പട്ടികയിൽ നാലാം വിഭാഗത്തിലായിരുന്നു നേരത്തെ ഫ്ലോറൻസിനെ ഉൾപ്പെടുത്തിയിരുന്നത്. കരയിലെത്തുമ്പോൾ മണിക്കൂറിൽ 253 കിലോമീറ്ററിലേറെ വേഗം കൈവരിച്ച് അഞ്ചാം കാറ്റഗറിയിലേക്കു മാറാമെന്നും വിലയിരുത്തലുണ്ടായിരുന്നു.

1989നു ശേഷം കാരലൈനയിൽ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരിക്കും ഇത്. കഴിഞ്ഞ വർഷം ചുഴലിക്കാറ്റുകളുടെ നിരതന്നെ യുഎസ് തീരമേഖലകളിൽ നാശം വിതച്ചിരുന്നു.