പൈലറ്റുമാർക്ക് ‘സോഷ്യൽ മീഡിയ അഡിക്‌ഷൻ’: 2013ലെ അപകടത്തെപ്പറ്റി വ്യോമസേന

വ്യോമസേനാ മേധാവി ബി.എസ്.ധനോവ (ഫയൽ ചിത്രം)

ബെംഗളൂരു∙ ഉപകാരത്തിനൊപ്പം ഉപദ്രവത്തിന്റെയും നിരവധി ഉദാഹരണങ്ങളാണു സമൂഹമാധ്യമങ്ങൾ‌ക്കുള്ളത്. രാജ്യത്തെ ഒരു യുദ്ധവിമാന അപകടത്തിനു കാരണം പൈലറ്റിന്റെ സമൂഹമാധ്യമ ഉപയോഗമാണെന്നു വ്യോമസേനാ മേധാവി ബി.എസ്.ധനോവ വെളിപ്പെടുത്തി.

‘അർധരാത്രിയിൽ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ മണിക്കൂറുകളാണു എല്ലാവരും ചെലവഴിക്കുന്നത്. രാവിലെ ആറു മണിക്കാണു മിക്കവാറും ഫ്ലൈറ്റ് ബ്രീഫിങ് നടക്കാറുള്ളത്. ഈ സമയത്ത് പൈലറ്റുമാരിൽ പലരും ആവശ്യത്തിന് ഉറങ്ങാതെയാണു എത്താറുള്ളത്. 2013ൽ രാജസ്ഥാനിലെ ബാർമറിലുണ്ടായ യുദ്ധവിമാന അപകടത്തിനു കാരണം പൈലറ്റിനു തുടർച്ചയായുണ്ടായ ഉറക്കക്കുറവായിരുന്നു’– ബി.എസ്.ധനോവ പറഞ്ഞു.

ബെംഗളൂരുവിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് എയ്റോസ്പേസ് മെഡിസിൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം സേന നേരിടുന്ന വലിയ വെല്ലുവിളിയാണ്. പ്രശ്നം പരിഹിക്കുന്നതിനും പൈലറ്റുമാർക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും എന്തുചെയ്യാനാവുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിൻ ആലോചിക്കണമെന്നും വ്യോമസേനാ മേധാവി ആവശ്യപ്പെട്ടു.

‘നേരത്തേ ഒരു പൈലറ്റ് ആവശ്യത്തിലധികം മദ്യപിച്ചിരുന്നെങ്കിൽ കണ്ടെത്താനും അറിയാനും മാർഗങ്ങളുണ്ടായിരുന്നു. മറ്റുള്ളവർ പൈലറ്റിനെ ശ്രദ്ധിക്കുമായിരുന്നു. ഇന്നു നമുക്ക് ബ്രെത്ത് അനലൈസർ പോലുമില്ലാത്ത സ്ഥിതിയാണ്..’– സമൂഹമാധ്യമങ്ങളുടെ ദുഃസ്വാധീനത്തെ ഉദ്ദേശിച്ച് ധനോവ ചൂണ്ടിക്കാട്ടി. 2013 ജൂണിൽ മിഗ്–21 യുദ്ധവിമാനമാണു രാജസ്ഥാനിൽ അപകടത്തിൽപ്പെട്ടത്. രാവിലെ ഒൻപതോടെ ബാർമർ ജില്ലയിലെ സോദിയാറിലാണു വിമാനം തകർന്നത്. പൈലറ്റ് വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.