ട്രെയിൻ സർവീസ് മാറ്റം: കൊച്ചുവേളിയിലേക്കു പ്രത്യേക കെഎസ്ആർടിസി സർവീസ്

തിരുവനന്തപുരം∙ കൊച്ചുവേളി റയിൽവേ സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജ്, തമ്പാനൂർ, കിഴക്കേകോട്ട എന്നിവിടങ്ങളിലേക്കു  കണക്‌ഷൻ സർവീസുകൾ ആരംഭിച്ചതായി കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി. ട്രാക്ക് സിഗ്നൽ തകരാറിനെതുടർന്നു ഏതാനും ട്രെയിനുകൾ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നതിനാലാണിത്.

ഞായറാഴ്ച രാത്രി വൈകിയാണ് മാവേലി, കേരള എക്സ്പ്രസ് ട്രെയിനുകൾ തിങ്കളാഴ്ച കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്. എങ്കിലും രാവിലെ 6.30ന് മാവേലി ട്രെയിനിന് ആറു കണക്‌ഷൻ ബസ്സുകളും ഉച്ചയ്ക്ക് ശേഷം മൂന്നിന് കേരള എക്സ്പ്രസിന് നാലു കണക്‌ഷൻ ബസും ക്രമീകരിച്ചതായി അദ്ദേഹം പറഞ്ഞു.

ഈ സംവിധാനം ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം സിറ്റി ഹെഡ് ക്വാർട്ടേഴ്സ് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസറെ ചുമതലപ്പെടുത്തി. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ കെഎസ്ആർടിസി സർവീസുകൾ ക്രമീകരിച്ച് അയയ്ക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെ വിന്യസിച്ചതായും ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു. ഒക്ടോബർ 17 വരെ സംവിധാനം തുടരും.