ചന്ദ്രനിലേക്കുള്ള ആദ്യ വിനോദസഞ്ചാരിയാകാൻ ശതകോടീശ്വരൻ മയേസാവ

യുസാക്കു മയേസാവ.. ചിത്രം: ട്വിറ്റർ

ഹൗത്രോണ്‍∙ ഓൺലൈൻ ഫാഷന്‍ രംഗത്തെ പ്രമുഖ വ്യവസായിയും ജാപ്പനീസ് ശതകോടീശ്വരനുമായ യുസാക്കു മയേസാവയായിരിക്കും ബിഗ് ഫാൽക്കൺ റോക്കറ്റിൽ ചന്ദ്രനു ചുറ്റും സഞ്ചരിക്കുന്ന ആദ്യ സ്വകാര്യ യാത്രികനെന്നു സ്പേസ് എക്സ്. 2023 തുടക്കത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ചാന്ദ്രയാത്രയിൽ ആറോ എട്ടോ ചിത്രകാരൻമാരെ ഒപ്പം കൂട്ടാൻ പദ്ധതിയുണ്ടെന്നു മയേസാവയും വ്യക്തമാക്കി. 

1972 ൽ യുഎസിന്‍റെ അപ്പോളോ മിഷനു ശേഷം ചന്ദ്രനിലേക്കുള്ള ആദ്യ യാത്രക്കാരനാകും 42 കാരനായ മയേസാവ. കുഞ്ഞുനാളിൽ തന്നെ തനിക്കു ചന്ദ്രനെ ഇഷ്ടമായിരുന്നുവെന്നും ചന്ദ്രനിലേക്കുള്ള യാത്ര തന്‍റെ സ്വപ്നമാണെന്നും സ്പേസ് എക്സ് ആസ്ഥാനത്ത് മയേസാവ പറഞ്ഞു. 

ജപ്പാനിലെ ഏറ്റവും വലിയ ഓൺലൈൻ ഫാഷൻ മാളിന്‍റെ സിഇഒയായ മയേസാവ കോടിക്കണക്കിനു ഡോളർ മുടക്കിയാണു ചാന്ദ്രയാത്ര സാധ്യമാക്കിയതെന്നാണു റിപ്പോർട്ട്. എന്നാല്‍ എത്ര തുകയാണു മയേസാവ ചെലവിട്ടതെന്നു വ്യക്തമാക്കാൻ സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് തയാറായില്ല. ഫോബ്സിന്‍റെ കണക്കനുസരിച്ചു ജപ്പാനിലെ സമ്പന്നരുടെ പട്ടികയിൽ പതിനെട്ടാം സ്ഥാനത്താണു മയേസാവ. 

ചിത്രകലയോടുള്ള പ്രണാമമെന്ന നിലയിലാണു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ആറോ എട്ടോ ചിത്രകാരൻമാരെ ചന്ദ്രനിലേക്കുള്ള യാത്രയിൽ ഉൾപ്പെടുത്താൻ മയേസാവ ശ്രമിക്കുന്നത്. ചന്ദ്രനെ വലംവച്ചു ഭൂമിയിൽ മടങ്ങിയെത്തി ഇവർ തയാറാക്കുന്ന പുതിയ രചനകൾ ഏവരുടെയും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതായിരിക്കുമെന്നു മയേസാവ പറഞ്ഞു. ചിത്രകാരൻമാരുടെ യാത്ര സൗജന്യമായിരിക്കുമെന്നു മസ്ക് അറിയിച്ചു.