ഉത്തരാഖണ്ഡിൽ വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായി; സഹപാഠികൾ അറസ്റ്റിൽ

ഡെറാഡൂണ്‍∙ ഉത്തരാഖണ്ഡില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ നാലു സഹപാഠികളെ അറസ്റ്റ് ചെയ്തു. 17 വയസുള്ള നാലു പേരെയാണ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. തെളിവു നശിപ്പിച്ച കുറ്റത്തിന് സ്‌കൂള്‍ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍, ഭാര്യ, ഹോസ്റ്റല്‍ കെയര്‍ ടേക്കര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

കഴിഞ്ഞ മാസം 14-ാം തീയതി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയെ സ്‌റ്റോര്‍ റൂമില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. വിവരമറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. കുട്ടിയെ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചതായും ആരോപണമുണ്ട്. എന്നാല്‍ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായ കാര്യം സ്ഥിരീകരിച്ചു.