ഇമ്രാന്റെ ചെലവുചുരുക്കല്‍ പാളുന്നു; സര്‍ക്കാര്‍ വാഹന ലേലത്തിനു തണുപ്പന്‍ പ്രതികരണം

ഇസ്​ലാമാബാദ്∙ പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ലേലം ചെയ്തു സര്‍ക്കാരിലേക്കു മുതല്‍ കൂട്ടാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നീക്കത്തിനു തണുപ്പന്‍ പ്രതികരണം. ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടതിന്റെ പത്തിലൊന്നു തുക മാത്രമാണു സമാഹരിക്കാന്‍ കഴിഞ്ഞത്. ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് ബെന്‍സ് കാറുകള്‍ ഉള്‍പ്പെടെ നൂറോളം വാഹനങ്ങളാണു ലേലത്തിനു വച്ചത്.

61 വാഹനങ്ങള്‍ വിറ്റെങ്കിലും വെറും 11 കോടി രൂപ മാത്രമാണു സമാഹരിക്കാന്‍ കഴിഞ്ഞത്. ഒരു ബുള്ളറ്റ് പ്രൂഫ് ബെന്‍സിനു മാത്രം പത്തു കോടി രൂപ വിലവരുമെന്നാണു റിപ്പോര്‍ട്ട്. നൂറു വാഹനങ്ങളില്‍ മൂന്നിലൊന്നും പത്തു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വാഹനങ്ങളായിരുന്നു. 32 വര്‍ഷം പഴക്കമുള്ള രണ്ടു ടൊയോട്ട കൊറോള കാറുകളും ലേലത്തിനുണ്ടായിരുന്നു. 

ചെലവു ചുരുക്കാനുള്ള ഇമ്രാന്റെ പല നടപടികളും തിരിച്ചടി നേരിടുകയാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ വസതിയിലെ 500 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ആറു പ്രവൃത്തി ദിവസം ആക്കാനുള്ള തീരുമാനവും പ്രായോഗികമല്ലെന്നു കണ്ടു മരവിപ്പിച്ചു.

അതിനിടെ മോട്ടോര്‍ വാഹനവ്യൂഹം ഒഴിവാക്കി ഹെലികോപ്റ്ററില്‍ ഓഫിസില്‍ എത്താനുള്ള ഇമ്രാന്റെ നീക്കത്തിനെതിരേയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇമ്രാന്റെ ഹെലികോപ്റ്ററിനു മണിക്കൂറിന് ഒന്നരലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.