കുട്ടനാടിനെ പ്രളയത്തിൽ നിന്ന് എങ്ങനെ രക്ഷിക്കാം?; ആശയങ്ങൾ പെയ്തിറങ്ങി കൂട്ടായ്മ

തണ്ണീർമുക്കം ബണ്ടിലെ നിർമാണ പ്രവൃത്തികൾ (ഫയൽ ചിത്രം)

പ്രളയം ‘മടവീഴ്ത്തിയ’ ജീവിതത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല കുട്ടനാട്. കേരളത്തിന്റെ ഈ നെല്ലറയുടെ പുനഃസൃഷ്ടി സംസ്ഥാനത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുകയാണിന്ന്. ഈ സാഹചര്യത്തിലാണ് കുട്ടനാട്ടിലെത്തുന്ന പ്രളയജലം പുറത്തേക്കൊഴുകുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനുള്ള ആശയങ്ങൾക്കായി ‘കര തേടി കുട്ടനാട്’ എന്ന ആശയക്കൂട്ടായ്മ മലയാള മനോരമ സംഘടിപ്പിച്ചത്. 

‌‌1,10,000  ഹെക്ടർ വിസ്തീർണത്തിൽ പരന്നുകിടക്കുന്ന കുട്ടനാടിന് ആറു ഭാഗങ്ങളുണ്ട് – അപ്പർ കുട്ടനാട്, കായൽ പ്രദേശങ്ങൾ, വൈക്കം, ലോവർകുട്ടനാട്, വടക്കൻ കുട്ടനാട്, പുറക്കാട് കരി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 64 പഞ്ചായത്തുകളാണ് കുട്ടനാടിന്റെ ഭാഗമായുള്ളത്. സമുദ്ര നിരപ്പിൽ നിന്ന് 2.6 മീറ്റർ താഴെയാണ് കുട്ടനാടിന്റെ കായൽപ്രദേശങ്ങൾ. ഇവിടേക്ക് വെള്ളമെത്തുന്നതാകട്ടെ അച്ചൻകോവിൽ, പമ്പ, മണിമല. മീനച്ചിലാർ, മൂവാറ്റുപുഴയാർ എന്നീ നദികളിൽ നിന്നും.

മണിമലയാറിൽ നിന്നും  പമ്പയിൽ നിന്നുമുള്ള ജലം കടലിലേക്ക് എത്തേണ്ടത് തോട്ടപ്പള്ളി സ്പിൽവേ വഴിയാണ്. എന്നാൽ പല തടസ്സങ്ങൾ മൂലം  വെള്ളം കുട്ടനാടിന്റെ ഉൾവശത്തേക്കു പോകുന്നു. സമുദ്രനിരപ്പിനെക്കാൾ‌ താഴെയുള്ള പ്രദേശമായ കുട്ടനാട്  അതോടെ വെള്ളത്തിലാവുന്നു. ഇതാണ് പ്രദേശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. തണ്ണീർമുക്കം ബണ്ടിലെ മൺചിറ ഇപ്പോഴും പൂർണമായി പൊളിച്ചിട്ടില്ല. വെള്ളം പുറത്തേക്കു പോകാനുള്ള ഈ തടസ്സവും നീക്കേണ്ടതുണ്ട്. പ്രശ്നപരിഹാരത്തിനായി സംഘടിപ്പിച്ച ‘കര തേടി കുട്ടനാട്’ ആശയക്കൂട്ടായ്മയിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ ചിലത്:

1) ആലപ്പുഴ–ചങ്ങനാശേരി കനാൽ ഇപ്പോൾ ഒന്നാംകര വരെ മാത്രം. ഇത് നെടുമുടിയിലേക്കും അവിടെ നിന്ന് പള്ളാത്തുരുത്തിയിലേക്കും നീട്ടണം. വെള്ളം തോട്ടപ്പള്ളിയിലേക്ക് എളുപ്പത്തിലെത്താൻ സഹായിക്കും.

2) വെള്ളം കുട്ടനാട്ടിൽ കെട്ടിക്കിടക്കാതെ തോട്ടപ്പള്ളി സ്പിൽവേയിൽ നേരിട്ടെത്താൻ മാർഗമുണ്ടാകണം. മണിമലയാറിൽ മുട്ടാറിനു സമീപത്തു നിന്നു തുടങ്ങി കരുമാടി വിളക്കുമരത്ത് എത്തുന്ന കനാൽ പരിഗണിക്കാം. ഇതുവഴി ടിഎസ് കനാലിലേക്കും അവിടെ നിന്ന് തോട്ടപ്പള്ളി സ്പിൽവേയിലേക്കും വെള്ളമെത്തും.

3) തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു വെള്ളം പുറത്തേക്കു പോകുന്നതിനുള്ള തടസ്സങ്ങളിൽ ഒന്ന് മണ്ണ്  അടിയുന്നതാണ്. ഇതു നീക്കണം. തോട്ടപ്പള്ളിയിലേക്ക് എത്തുന്ന ലീഡിങ് ചാനൽ ആഴം കുറഞ്ഞു കിടക്കുന്നു. ആഴം കൂട്ടി ജലപാത സുഗമമാക്കണം.

4) പമ്പയിലെ പ്രളയ ജലം ഒഴുകി പോകുന്നതിനു വീയപുരം–തോട്ടപ്പള്ളി  ലീഡിങ് ചാനൽ മതിയാകുന്നില്ല. നിർദിഷ്ട 300 മീറ്റർ വീതിയുള്ള ലീഡിങ് ചാനൽ നിലവിൽ 80 മീറ്റർ മാത്രം. ഇതിനു പരിഹാരമായി ലീഡിങ്  ചാനലിനു സമാന്തരമായി ബൈപാസ് കനാലുകൾ നിർമിക്കണം.