കരുണാകരന്‍ മരിച്ചതു നീതികിട്ടാതെ; ചാരക്കേസിൽ രാഷ്ട്രീയവും: നമ്പി നാരായണന്‍

കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുന്ന നമ്പി നാരായണൻ. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്‍ നീതികിട്ടാതെയാണു മരിച്ചതെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കരുണാകരനെ എതിരാളികള്‍ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനായിരുന്നു? ഐഎസ്‌ആര്‍ഒ ചാരക്കേസിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും ഉണ്ടെന്നു സംശയിക്കുന്നുവെന്നും നമ്പി നാരായണന്‍ പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധിയില്‍ സന്തോഷിക്കുന്നില്ല. താനൊരു ചാരനല്ലെന്നു തെളിയിക്കാനാണ് അതിലേറെ ആഗ്രഹിക്കുന്നത്. ഈ കള്ളക്കേസിനു പിന്നില്‍ ഇന്റലിജന്‍സ് ബ്യൂറോയാണെന്നു തുറന്നു പറയേണ്ടതു മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസാണ്. അദ്ദേഹം അതു തുറന്നു പറയുമെന്നാണു പ്രതീക്ഷിക്കുന്നത്. കുറ്റവാളിയെ ആദ്യം കണ്ടെത്തുകയും കുറ്റം പിന്നീടു തീരുമാനിക്കുകയും തെളിവുകള്‍ അതിനുശേഷം സൃഷ്ടിക്കുകയുമാണു ചാരക്കേസിലുണ്ടായത്. തെറ്റിദ്ധരിപ്പിച്ചു മാധ്യമങ്ങളെ തെറ്റായ വഴിയിലേക്കു നയിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ വിവരക്കേടാണ് ആ കാലത്ത് എഴുതിയതെന്നാണു തന്റെ അഭിപ്രായം. ആ കാലത്തില്ലായിരുന്ന ക്രയോജനിക് സാങ്കേതികവിദ്യ പണത്തിനുവേണ്ടി വിറ്റെന്നായിരുന്നു ആരോപണം.

കള്ളക്കേസ് ഉണ്ടാക്കിയവര്‍ക്ക് അത്ര ബുദ്ധി ഇല്ലായിരുന്നു. ഐഎസ്ആര്‍ഒയ്ക്കെതിരെയുള്ള അമേരിക്കന്‍ ഗൂഢാലോചന, മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ താഴെയിറക്കാനുള്ള രാഷ്ട്രീയക്കളികള്‍ എന്നിവയെല്ലാം ഇതിനു പിന്നിലുണ്ടെന്നാണു ഇപ്പോഴും തന്റെ സംശയം. ഇതു ചാരക്കേസല്ല, എന്നുതന്നെയായിരുന്നു കരുണാകരന്റെ അഭിപ്രായം. ചാരക്കേസില്‍ നിരപരാധിയാണെന്നു തെളിഞ്ഞാല്‍ നമ്പി നാരായണന്റെ ചെരിപ്പുകൊണ്ടു തങ്ങളുടെ മുഖത്തടിക്കാമെന്നു പറഞ്ഞ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുണ്ട്. ഇപ്പോള്‍ താന്‍ അവരെ എല്ലായിടത്തും തിരയുകയാണ്. പക്ഷേ, ആരെയും കാണാനില്ല. പഴയ ചെരിപ്പ് അവര്‍ക്കു വേണ്ടി സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും നമ്പി നാരായണന്‍ പറഞ്ഞു.