ശിക്ഷ പാക്ക് കോടതി റദ്ദാക്കി; നവാസ് ഷരീഫിനെയും മകളെയും മോചിപ്പിക്കും

നവാസ് ഷരീഫ്, മറിയം നവാസ്

ഇസ്‍ലാമാബാദ്∙ അഴിമതിക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകൾ മറിയം നവാസിനെയും മോചിപ്പിക്കാൻ കോടതി ഉത്തരവ്. ഇരുവർക്കും വിധിച്ച തടവുശിക്ഷ ഇസ്‍ലാമാബാദ് ഹൈക്കോടതി റദ്ദാക്കിയതായി ജിയോ ടിവി അടക്കമുള്ള പാക്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 

ഷരീഫിന് 10 വർഷവും മകൾ മറിയത്തിന് ഏഴുവർഷവും തടവാണു വിധിച്ചിരുന്നത്. പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നവാസ് ഷരീഫിനെതിരെ പാക്കിസ്ഥാനിലെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) റജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ ഒന്നായ അവാൻഫീൽഡ് ഹൗസ് കേസിലായിരുന്നു വിധി. ലണ്ടനിലെ സമ്പന്നമേഖലയിൽ നാലു ഫ്ലാറ്റുകൾ സ്വന്തമാക്കിയെന്നാണു കേസ്. പണത്തിന്റെ സ്രോതസ് ഹാജരാക്കാൻ ഷരീഫിനു കഴിഞ്ഞിരുന്നില്ല.

ശിക്ഷിക്കപ്പെട്ട ഇരുവരെയും റാവൽപിണ്ടി അട്യാല ജയിലിലാണു പാർപ്പിച്ചത്.അർബുദ രോഗത്തിനു ചികിത്സയിലിരിക്കെ ലണ്ടനിൽ മരിച്ച ഷരീഫിന്‍റെ ഭാര്യ ബീഗം ഖുൽസുമിന്‍റെ സംസ്കാരചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇരുവർക്കും താത്ക്കാലിക പരോൾ അനുവദിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായാണു ഷരീഫും മകളും ലണ്ടനിൽനിന്നു പാക്കിസ്ഥാനിലെത്തിയത്. ഉടൻ അറസ്റ്റിലായി. രാഷ്ട്രീയ ലാഭം കൊയ്യാമെന്ന ഉദ്ദേശത്തോടെ നടത്തിയ ഈ നീക്കം ഗുണം ചെയ്തില്ല.  ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് (നവാസ്) തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.