പാഠമായി മഹാപ്രളയം; ദുരന്ത നിവാരണ അതോറിറ്റി പൊളിച്ചെഴുതാൻ സർക്കാർ

തൃശൂർ ചേറ്റുപുഴയിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെ ലോറിയിൽ രക്ഷപ്പെടുത്തുന്നു. - ഫയൽ ചിത്രം.

തിരുവനന്തപുരം∙ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടന പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. അതോറിറ്റി സെക്രട്ടറിയായി സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കാനാണ് ആലോചന. വിദഗ്ധരായ ശാസ്ത്രജ്ഞരെ അതോറിറ്റിയില്‍ നിയമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷം ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.

കേന്ദ്ര ദുരന്ത നിവാരണ നിയമം (2005) അനുസരിച്ച് 2007 മേയ് നാലാം തീയതിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത്. മുഖ്യമന്ത്രിയാണ് പത്തംഗ അതോറിറ്റിയുടെ ചെയര്‍മാന്‍. റവന്യൂമന്ത്രി വൈസ് ചെയര്‍മാനും ചീഫ് സെക്രട്ടറി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമാണ്. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് കണ്‍വീനര്‍. കൃഷിമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും അംഗങ്ങൾ‍. ഹെഡ് സയന്റിസ്റ്റാണ് മെംബര്‍ സെക്രട്ടറി. ഇതുപോലെ ജില്ലാതലത്തിലും ദുരന്തനിവാരണ അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടറാണ് ചെയര്‍മാന്‍.

ദുരന്തനിവാരണ നിയമം അനുസരിച്ച് ഈ ഘടനയില്‍ മാറ്റം വരുത്താനാണ് ആലോചന. ദുരന്ത നിവാരണത്തില്‍ വിദഗ്ധരായവരെ കമ്മറ്റികളില്‍ കൂടുതലായി ഉള്‍പ്പെടുത്തും. ഉപദേശക സമിതികളിലും സബ് കമ്മറ്റികളിലും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ശാസ്ത്രജ്ഞരുടെ സാന്നിധ്യം ഉറപ്പാക്കും. ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറിയാണ് ഇപ്പോള്‍ ദൈനംദിന കാര്യങ്ങളും ഭരണപരമായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ബില്ലുകള്‍ മാറുന്നതിനുപോലും മെംബര്‍ സെക്രട്ടറിക്ക് വകുപ്പുകളില്‍ കയറിയിറങ്ങേണ്ട സാഹചര്യമുണ്ട്. ഇതൊഴിവാക്കാനാണ് സീനിയറായ ഉദ്യോഗസ്ഥനെ ഭരണപരമായ കാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

‘ദുരന്തനിവാരണ അതോറിറ്റിയുടെ ഘടന പരിഷ്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും ഭരണപരമായ കാര്യങ്ങള്‍ സീനിയറായ ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കാനാണ് ആലോചിക്കുന്നതെന്നും’ റവന്യൂ മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

ദുരന്ത നിവാരണ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനം നടത്തേണ്ടതും അതോറിറ്റിയാണ്. ‘ഓഖി’ ദുരന്തമുണ്ടായപ്പോള്‍ അതോറിറ്റിയുടെ ഘടന പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അത് നടപ്പായിരുന്നില്ല. പ്രളയ ദുരന്തമുണ്ടായതോടെയാണ് നടപടികള്‍ക്ക് വേഗം കൈവന്നത്.