എതിർക്കുന്നവർ വിജയിക്കില്ല; പാക്കിസ്ഥാൻ കാലാതീത സുഹൃത്ത്: ഇന്ത്യയെ ഉന്നമിട്ട് ചൈന

ചൈന സന്ദർശിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ഷി ചിൻപിങ്ങിനൊപ്പം ചായ ആസ്വദിക്കുന്നു (ഫയൽ ചിത്രം)

ബെയ്ജിങ്∙ തങ്ങളുടെ അഭിമാനപദ്ധതികളെ എതിർക്കുന്ന ഇന്ത്യയ്ക്ക് ഒളിയമ്പുമായി ചൈന. സമാധാനത്തിനും വികസനത്തിനുമായുള്ള പദ്ധതികളെ എതിർക്കുന്നവർ ഒരിക്കലും വിജയിക്കില്ലെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞു. പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയോടാണു ഷി ചിൻപിങ്ങിന്റെ അഭിപ്രായപ്രകടനം.

ഷിയുടെ സ്വപ്നപദ്ധതികളായ ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി), ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് (ബിആർഐ) എന്നിവയെ ഉദ്ദേശിച്ചായിരുന്നു പരാമർശം. രാജ്യസുരക്ഷ അപകടത്തിലാകുമെന്ന സംശയത്താൽ പദ്ധതികളെ അയൽരാജ്യമായ ഇന്ത്യ എതിർക്കുന്നു. സാമ്പത്തിക നിക്ഷേപം വരുമെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ ഇവയ്ക്കു പൂർണ പിന്തുണ നൽകിയിട്ടുണ്ട്. 50 ബില്യൻ ഡോളറിന്റെ സിപിഇസി പദ്ധതി പാക്ക് അധിനിവേശ കശ്മീരിലൂടെയാണു കടന്നുപോകുന്നത്.

‘ബിആർഐ, സിപിഇസി എന്നിവ സമാധാനവും വികസനവും ലക്ഷ്യമിട്ടാണ്. അവയെ എതിർക്കുന്നവർക്കു വിജയിക്കാനാകില്ല. ചൈനയ്ക്കു മാത്രമല്ല, പ്രദേശത്തെ സമഗ്ര വികസനത്തിനുള്ളതാണ് ഈ പദ്ധതികൾ’– ഷി ചിൻപിങ് പറഞ്ഞതായി ചൈന സന്ദർശിക്കുന്ന പാക്ക് സേനാമേധാവി വ്യക്തമാക്കി. ശത്രുക്കളെ നേരിടാനും മേഖലയിൽ ശാന്തി കൊണ്ടുവരാനുമുള്ള ചൈനയുടെ പിന്തുണയെ പാക്കിസ്ഥാൻ വിലമതിക്കുന്നതായും ജനറൽ ഖമർ ജാവേദ് ബജ്‌വ പറഞ്ഞു.

മേഖലയിലെ സുരക്ഷ, വെല്ലുവിളികൾ, ഭാവിപദ്ധതികൾ തുടങ്ങിയവ ഷിയുമായി ബജ്​വ ചർച്ച ചെയ്തു. മേഖലയിലെ സമാധാനത്തിനു പാക്ക് സൈന്യത്തിന്റെ പങ്ക് നിർണായകമാണെന്നു അഭിപ്രായപ്പെട്ട ചൈന, ‘കാലാതീതമായതും ഉരുക്കിട്ടുറപ്പിച്ചതുമായ സുഹൃത്താണ്’ പാക്കിസ്ഥാനെന്നും വിശേഷിപ്പിച്ചു. ചൈനയിലെ സേനാമേധാവികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ബജ്‌‍വ ചർച്ച നടത്തുന്നുണ്ട്.