ബിജെപി വോട്ട് ചോദിച്ചുവരേണ്ട: യുപിയിലെ സമുദായ സംഘടനകൾ

ലക്നൗ∙ എസ്‍സി–എസ്ടി നിയമത്തിൽ കേന്ദ്രസർക്കാര്‍ വരുത്തിയ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഓൾ ഇന്ത്യ ബ്രാഹ്മൺ മഹാസഭയുൾപ്പെടെ 38 സംഘടനകള്‍. കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മധ്യ ലക്നൗവിലെ ഹസ്രത്ജംഗിൽ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാർക്കെതിരായ അതിക്രമങ്ങളിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥയ്ക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നിയമത്തിൽ ഭേദഗതി വരുത്തിയാണു കേന്ദ്ര സർക്കാർ ഇടപെട്ടത്.

ഈ ഭേദഗതി കേന്ദ്രസര്‍ക്കാർ പിൻവലിക്കണമെന്നാണു സംഘടനകളുടെ ആവശ്യം. വനിതാ കമ്മിഷൻ, ദലിത് കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷൻ പോലെ സവർണ കമ്മിഷനും വേണമെന്നു ബ്രാഹ്മൺ മഹാസഭ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി ആവശ്യപ്പെട്ടു. രാജ്യത്തെ 85 ശതമാനം ജനങ്ങളെയും ബിജെപി ചതിച്ചു. അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ജനങ്ങളുടെ താൽപര്യം മനസ്സിലാക്കാത്ത ആർഎസ്എസ് മേധാവി ‍മോഹൻ ഭഗവത് മാനസിക തകരാറിനു ചികിത്സ തേടണമെന്നും തിവാരി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ അഭിസംബോധന ചെയ്തുള്ള നിവേദനം സംഘടനകൾ ഗവർണർക്കു കൈമാറി. പട്ടികജാതി, പട്ടികവർഗ നിയമത്തിലെ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിലാണു വിവിധ സംഘടനകൾ. യുപിയിലെ ബരബങ്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വോട്ടുചോദിച്ചു മന്ത്രിമാർ ഗ്രാമങ്ങളിലേക്കു പ്രവേശിക്കരുതെന്ന പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. തുടർന്ന് എന്തെങ്കിലും സംഭവിച്ചാൽ അതിനു മന്ത്രിമാർ തന്നെയായിരിക്കും ഉത്തരവാദികളെന്നും സംഘടനകൾ വ്യക്തമാക്കി.