കുമാരസ്വാമിയുടെ കുടുംബം ഭൂമി കയ്യേറിയെന്ന് ആരോപണം; ‘മണ്ണിളക്കാൻ’ ബിജെപി

എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു∙ മുഖ്യമന്ത്രി കുമാരസ്വാമിയുടെ കുടുംബത്തിനെതിരെ അനധികൃത ഭൂമി കയ്യേറ്റ ആരോപണങ്ങളുമായി ബിജെപി രംഗത്ത്. എച്ച്.ഡി ദേവെഗൗഡയുടെയും കുടുംബാംഗങ്ങളുടെയും ഭൂമി അഴിമതി സംബന്ധിച്ച വിവരങ്ങൾ രേഖകൾ സഹിതം പുറത്തുവിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെഡിയൂരപ്പ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആരോപണങ്ങളുമായി നേതാക്കൾ രംഗത്തെത്തിയത്.

സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബിജെപി മനപൂർവം ശ്രമിക്കുന്നു എന്നാരോപിച്ച് ഡോളേഴ്സ് കോളനിയിലെ യെഡിയൂരപ്പയുടെ വസതിക്കു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ വീടിനു വേണ്ടത്ര സുരക്ഷിയില്ലെന്ന പരാതിയെ തുടർന്ന് കൂടുതൽ സുരക്ഷാ സന്നാഹത്തെ സർക്കാർ ഏർപ്പെടുത്തി. അതിനിടെ കോൺഗ്രസ് എംഎൽഎമാർ കൂറുമാറില്ലെന്നും സഖ്യ സർക്കാർ സുരക്ഷിതമാണെന്നും കർണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. കോൺഗ്രസ് വിട്ടുപോകുന്ന പ്രശ്നമില്ലെന്ന് സതീഷ് ജാർക്കിഹോളി എംഎൽഎ ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സന്ദർശിച്ച ശേഷം വ്യക്തമാക്കി.

ഹാസനിലെ ഹൊളനരസീപുരയിൽ ദേവെഗൗഡയുടെ കുടുംബം 32 ഏക്കർ റവന്യൂ ഭൂമി കയ്യേറിയതായി ആരോപിച്ച് ബിജെപി മുൻ എംഎൽസി ബി.ജെ പുട്ടസ്വാമി വാർത്താസമ്മേളനം നടത്തി. ഭൂമി കുംഭകോണങ്ങളിൽ ഈ കുടുംബം പിഎച്ച്ഡി എടുത്തിരിക്കുകയാണ്. ഹാസൻ വിമാനത്താവളത്തിനായി വിജ്ഞാപനം ചെയ്തു റദ്ദാക്കിയ ഭൂമി പൊതുമരാമത്ത് മന്ത്രി എച്ച്.ഡി രേവണ്ണയുടെ മകൻ പ്രജ്വലിന്റെ പേരിൽ പതിച്ചെടുത്തതാണ് ഈ ഗണത്തിൽ അവസാനത്തേത്. ഭൂമിയിടപാടു സംബന്ധിച്ച എല്ലാ വിവരങ്ങളും ഹോളനരസീപുര ഡിവിഷനൽ കമ്മിഷണർ ശാന്തകുമാരി സമാഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ആയിരക്കണക്കിനു കോടി രൂപ വിലപിടിപ്പുള്ള സ്വത്തു വകകളാണ് ഈ കുടുംബത്തിനുള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.രവികുമാർ ആരോപിച്ചു.

‘കമ്മിഷൻ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് യെഡിയൂരപ്പ’

ഇതിനിടെ കമ്മിഷൻ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് ബി.എസ്.യെഡിയൂരപ്പയാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. അധികാരത്തിലിരുന്നപ്പോൾ പ്രകൃതി സമ്പത്ത് കൊള്ളയടിച്ച് ജയിൽവാസം അനുഭവിച്ച യെഡിയൂരപ്പ, രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന തന്റെ പിതാവ് എച്ച്.ഡി ദേവെഗൗഡയ്ക്ക് എതിരെ അപഖ്യാതി പരത്തുകയാണ്.

ബിജെപി ഓപ്പറേഷൻ താമരയ്ക്കുള്ള ശ്രമങ്ങൾ ഇപ്പോഴും നടത്തി വരികയാണ്. ധാർവാഡിലെ കുണ്ട്ഗോലിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എച്ച്.എസ് ശിവള്ളിയെ കൂറുമാറ്റാൻ അദ്ദേഹം ശ്രമം നടത്തിയിരുന്നു. കോൺഗ്രസിൽ നിന്നും ളിൽ നിന്ന് 18 എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറാൻ തയാറെടുക്കുന്നതായി വിശ്വസിപ്പിച്ചായിരുന്നു ഈ നീക്കമെന്നും കുമാരസ്വാമി ആരോപിച്ചു. നാഗമംഗലയിൽ നിന്നുള്ള ദൾ എംഎൽഎ സുരേഷ് ഗൗഡയേയും കുറുമാറ്റാനായി ചർച്ച നടത്തി വരുന്നു. അപ്പോളോ ആശുപത്രിയിൽ ചികിൽസയിലുള്ള മന്ത്രി ഡി.കെ ശിവകുമാറിനെ കുമാരസ്വാമി സന്ദർശിച്ചു.

കുമാരസ്വാമിക്ക് തന്നെ കുറിച്ച് സംസാരിക്കാൻ ധാർമിക അധികാരമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെഡിയൂരപ്പ. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ യെഡിയൂരപ്പയെ വെറുതെവിടില്ലെന്ന കുമാരസ്വാമിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.