വേദനയുടെ വസൂരിക്കുമിളകൾ, ആന്ത്രാക്സ്; കിമ്മിന് 13 ജൈവായുധ ഏജന്റുകൾ

കിം ജോങ് ഉന്നും ഉത്തര കൊറിയയിലെ ജൈവായുധപ്പുരകളും

പ്യോങ്യാങ്∙ രാജ്യത്തെ സുപ്രധാനമായ ടോങ്ചാങ്–റി മിസൈൽ പരീക്ഷണ കേന്ദ്രം നശിപ്പിക്കാമെന്ന ഉറപ്പ് ദക്ഷിണ കൊറിയയ്ക്കു നൽകിയിരിക്കുകയാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഇരു കൊറിയകളും തമ്മിലുള്ള സമാധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അധികം വൈകാതെ ദക്ഷിണ കൊറിയ സന്ദർശിക്കുമെന്നും പ്രസിഡന്റ് മൂൺ ജേ ഇന്നിന് കിം ഉറപ്പു നൽകി. യുഎസ് ഉൾപ്പെടെ ലോകരാജ്യങ്ങൾ ഇക്കാര്യത്തിൽ കിമ്മിനെ അഭിനന്ദനം അറിയിച്ചിരിക്കുന്നു. ഇങ്ങനെ മൊത്തത്തിൽ കാര്യങ്ങൾ നന്നായി പോകുന്നുവെന്ന പ്രതീതി ഉണർത്തുന്നുവെങ്കിലും പൂര്‍ണമായും ഉത്തര കൊറിയയെ വിശ്വാസത്തിലെടുക്കാൻ പല രാജ്യങ്ങളും തയാറായിട്ടില്ല. പുതിയ ചർച്ചകളിൽ പുറമേ ശുഭാപ്തി വിശ്വാസം കാട്ടുന്നെങ്കിലും ‘കിമ്മിന്റെ കൊറിയയെ’ വിശ്വസിക്കാത്ത രാജ്യങ്ങളുടെ പട്ടികയിൽ ആദ്യം ദക്ഷിണ കൊറിയ തന്നെയാണ്, ഒപ്പം ജപ്പാനും.

രാജ്യാന്തര തലത്തിൽ ഉപരോധമേർപ്പെടുത്തിയതോടെ ഉത്തര കൊറിയയുടെ മിസൈൽ സാങ്കേതികവിദ്യയ്ക്കു തിരിച്ചടിയേറ്റിരുന്നു. രാസവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിലുമുണ്ടായി തിരിച്ചടി. ആണവ/ രാസായുധ നിർമാണങ്ങൾ വഴിമുട്ടിയതോടെ ഏറെക്കാലം ഉത്തര കൊറിയയുടെ ഭാഗത്തു നിന്നു സമ്പൂർണ നിശബ്ദതയായിരുന്നു. അതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ‌സുപ്രധാന കൂടിക്കാഴ്ചയ്ക്കും കിം സമയം കണ്ടെത്തി. പിന്നാലെ രാജ്യത്തെ നിർണായക ആയുധനിർമാണ കേന്ദ്രങ്ങളും ഉത്തരകൊറിയ നശിപ്പിച്ചു കളഞ്ഞു. രാജ്യാന്തര മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അത്. ഇനി സാമ്പത്തിക പുരോഗതിയിലേക്കാണു രാജ്യം ഉന്നം വയ്ക്കുന്നതെന്ന് ഇക്കഴിഞ്ഞ ദേശീയ ദിനത്തിലെ ‘ആയുധമില്ലാ പരേഡിൽ’ കിം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ദക്ഷിണ കൊറിയയും മറ്റു വിദേശരാജ്യങ്ങളും ഇപ്പോഴും ഭയക്കുന്ന കിമ്മിന്റെ രഹസ്യ ആയുധപ്പുരയെപ്പറ്റി മാത്രം ആരും മിണ്ടുന്നില്ല – ഉത്തര കൊറിയയിലെ ജൈവായുധങ്ങളാണ് ആ ‘രഹസ്യ വില്ലന്മാർ’.

ചാരൻ ‘പറഞ്ഞ’ സത്യം!

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തെത്തിയത്. ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെട്ടോടിയ ഉത്തര കൊറിയൻ ചാരനെ അധികൃതർ പിടികൂടി വിശദ പരിശോധനയ്ക്കു വിധേയമാക്കി. രക്ത സാംപിളിന്റെ സൂക്ഷ്മ പരിശോധനയിലാണ് അയാൾ ആന്ത്രാക്സ് രോഗത്തിന്റെ പ്രതിരോധ മരുന്ന് സ്വീകരിച്ചതായി കണ്ടെത്തിയത്. അതോടെ രണ്ടുകാര്യം ഉറപ്പായി. ഒന്നുകിൽ അയാളിൽ ആന്ത്രാക്സ് രോഗാണുവിനെ പരീക്ഷിച്ചിട്ടുണ്ട്. അല്ലെങ്കിൽ രാജ്യത്തെ നിർണായക സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കും ചാരന്മാർക്കും ഉൾപ്പെടെ കിം ആന്ത്രാക്സ് പ്രതിരോധ മരുന്ന് ഉറപ്പാക്കിയിട്ടുണ്ട്. രണ്ടാണെങ്കിലും ലോകത്തിലെ ഏറ്റവും മാരകമായ രോഗാണു ഉത്തരകൊറിയയുടെ കയ്യിലുണ്ടെന്നത് ഉറപ്പ്. ആന്ത്രാക്സ് കൂടാതെ വസൂരി രോഗാണുക്കളും ഉത്തര കൊറിയയുടെ കൈവശമുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇവ രണ്ടും പരസ്യമായ കാര്യമാണെങ്കിലും അല്ലാതെയുള്ള ജൈവായുധങ്ങളെപ്പറ്റിയും സംശയം ശക്തമാണ്.

യുദ്ധത്തിൽ ഉപയോഗിക്കാവുന്ന തരം 13 ജൈവായുധ ഏജന്റുകളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളതെന്നാണു കരുതുന്നത്. ഇതിൽ ബോട്ടുലിസം, കോളറ, ഹെമറേജിക് ഫീവർ, പ്ലേഗ്, ടൈഫോയ്ഡ്, മഞ്ഞപ്പനി തുടങ്ങിയവയെല്ലാം ഉൾപ്പെടും. പല രോഗങ്ങളും നിലവിൽ ലോകത്തിൽനിന്നു തുടച്ചുമാറ്റിയതാണ്. എന്നാൽ ഈ രോഗാണുക്കളെ ആയുധമാക്കി മാറ്റാൻ ഉത്തര കൊറിയയ്ക്കു പത്തു ദിവസം തികച്ചു വേണ്ടെന്ന കണ്ടെത്തൽ 2015 ൽ നടത്തിയതു ദക്ഷിണ കൊറിയ സർക്കാരാണ്.

സർവസംഹാര ശേഷിയുള്ള മാരകായുധങ്ങൾ മറ്റുരാജ്യങ്ങൾ കൈവശം വയ്ക്കുന്നതു സംബന്ധിച്ചു യുഎസ് പുറത്തുവിട്ട രേഖകളെ അധികമാരും കണക്കിലെടുക്കുന്നില്ല. അഫ്ഗാനിലെയും ഇറാഖിലെയുമെല്ലാം മുൻകാല അനുഭവങ്ങളാണു കാരണം. എന്നാൽ ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ ആശങ്ക ഉൾക്കൊള്ളുന്നുമുണ്ട്. കാരണം, സ്വന്തം മിസൈലുകൾ നശിപ്പിച്ചാലും മറ്റു വഴികളിലൂടെ എളുപ്പത്തിൽ, എത്രയും പെട്ടെന്നു രോഗാണുക്കളെ എത്തിക്കാൻ ഉത്തര കൊറിയയ്ക്കു സാധിക്കുക അയൽ രാജ്യങ്ങളിലേക്കായിരിക്കും.

ദുരൂഹം ഈ ‘ഡ്യുവൽ യൂസ്’

2015–ൽ പ്യോങ്യാങ്ങിൽ ആരംഭിച്ച ബയോളജിക്കൽ ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണു സംശയങ്ങൾ ശക്തമാക്കാനുള്ള വഴിമരുന്നിട്ടത്. ജൈവ സാങ്കേതിക മേഖലയിലെ വളർച്ച ലക്ഷ്യമിട്ടാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതെന്നു പറഞ്ഞെങ്കിലും കൊറിയൻ പീപ്പിൾസ് ആർമി യൂണിറ്റ് 810നായിരുന്നു ചുമതല നൽകിയിരുന്നത്. കീടനാശിനികൾ സംബന്ധിച്ച ഗവേഷണമാണ് ഇൻസ്റ്റിറ്റ്യൂട്ടിലെന്നു റിപ്പോർട്ടുകളെത്തി. എന്നാൽ ലാബിലെ ഉപകരണങ്ങളെല്ലാം ‘ഡ്യുവൽ യൂസിന്’ ഉപയോഗപ്പെടുത്താവുന്നതാണെന്നു വിദഗ്ധർ വിലയിരുത്തിയിരുന്നു. അതായത്, ഉപകരണങ്ങൾ കാണുന്നവര്‍ക്കു മുന്നിൽ അത് കീടനാശിനി ഗവേഷണത്തിനായിരിക്കും. എന്നാൽ രഹസ്യമായി അവ ജൈവായുധ നിർമാണത്തിനും ഉപയോഗിക്കാം.

ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇന്നിനും ഭാര്യയ്ക്കുമൊപ്പം കിമ്മും ഭാര്യയും

കൊറിയൻ യുദ്ധത്തിനു ശേഷം രാസായുധ നിർമാണത്തിനായി ഉത്തര കൊറിയ പ്രയോഗിച്ച തന്ത്രം കൂടിയാണിത്. അന്ന് ‘ഡ്യുവൽ യൂസ്’ രാസവ്യവസായമാണു രാജ്യം ലക്ഷ്യമിട്ടത്. ഒരേ ഫാക്ടറിയിൽത്തന്നെ വാണിജ്യാവശ്യത്തിനും യുദ്ധാവശ്യത്തിനുമുള്ള രാസവസ്തുക്കൾ നിർമിക്കുന്ന രീതിയായിരുന്നു അത്. ജൈവായുധങ്ങൾ വളരെ എളുപ്പത്തിൽ വിതരണം ചെയ്യാനും സാധിക്കും. യുദ്ധമേഖലയിൽ പ്രത്യേക കമാൻഡോകൾ വഴി ആയുധങ്ങൾ വിന്യസിക്കാം. യുദ്ധം പൂർണമായ തോതിലേക്ക് എത്തും മുൻപായിരിക്കും ഈ ആയുധപ്രയോഗം. രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതോടെ ശത്രുപക്ഷം മാനസികമായും സാമ്പത്തികമായും തളരും. ശത്രുരാജ്യത്തിന്റെയും സഖ്യരാജ്യങ്ങളുടെയും സൈനികരുടെ വരവിനെപ്പോലും അതു ബാധിക്കും. ജൈവായുധ പ്രയോഗം നടത്തിയോ എന്ന കാര്യം പോലും ആദ്യഘട്ടത്തിൽ തിരിച്ചറിയാനാകില്ല എന്ന പ്രശ്നവുമുണ്ട്. പല രോഗങ്ങളും സാധാരണ രോഗങ്ങളുടെ ലക്ഷണമായി തോന്നുന്നതു കൊണ്ടാണത്.

ഉത്തര കൊറിയയുടെ ഭീഷണി നിലനില്‍ക്കുന്നതിനാൽ ദക്ഷിണ കൊറിയയിലെ യുഎസ് സൈനികർക്ക് ആന്ത്രാക്സ്, വസൂരി പ്രതിരോധ മരുന്നുകൾ ഉറപ്പാക്കുന്നുണ്ട്. ഇക്കാര്യം കിം ജോങ് ഉന്നിനും അറിയാം. ഈ സാഹചര്യത്തിലാണ് കൂടുതൽ കരുത്തുറ്റ രോഗാണുക്കളെ ജൈവായുധമായി പ്രയോഗിക്കുമെന്ന സംശയം ശക്തമാകുന്നത്. ജൈവായുധങ്ങളിലേക്ക് ഉത്തര കൊറിയ ശ്രദ്ധയൂന്നുന്നതിനു മറ്റൊരു കാരണവുമുണ്ട്. ആയുധം ആരു പ്രയോഗിച്ചു എന്ന് അത്രയെളുപ്പം കണ്ടെത്താനാകില്ല എന്നതു തന്നെ.

കൂടിക്കാഴ്ചയ്ക്കിടെ മൂൺ ജെ ഇന്നും കിം ജോങ് ഉന്നും

ആരും ചോദ്യം ചെയ്യാനില്ലാതെ, കൈവശമുള്ള ജൈവായുധങ്ങളുടെ ബലത്തിലാണു മിസൈൽ പരീക്ഷണ കേന്ദ്രങ്ങളുടെയും ആയുധനിർമാണ ശാലകളുടെയും പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തര കൊറിയ തയാറായതെന്ന വാദവും പ്രബലമാണ്. അതിനാൽ സമ്പൂർണ ആണവനിരായുധീകരണം തന്നെ നടത്തിയാലും ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും യുഎസിന്റെയും ഉൾപ്പെടെ സംശയനിഴലിൽ നിന്ന് ഉത്തരകൊറിയയ്ക്കു പൂര്‍ണമായും മാറി നില്‍ക്കാനാകില്ല.

സഹോദരനെ കൊലപ്പെടുത്തിയ ‘ആയുധം’

ഉത്തരകൊറിയയുടെ രാസ/ ജൈവായുധം സംബന്ധിച്ച ആശങ്ക അടുത്തിടെയാണ് ഹേഗ് ആസ്ഥാനമായുള്ള ‘ഓർഗനൈസേഷൻ ഫോർ ദ് പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസി’നെ ജപ്പാൻ അറിയിച്ചത്. ജപ്പാനിൽ 90,000 അമേരിക്കക്കാരുണ്ടെന്നാണു കണക്ക്. ദക്ഷിണ കൊറിയയിൽ 28,000ത്തിലേറെ അമേരിക്കൻ സൈനികരാണ് തമ്പടിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ സോളിൽ മാത്രം രണ്ടു ലക്ഷത്തിലേറെ യുഎസ് പൗരന്മാർ താമസിക്കുന്നുണ്ട്.

കിമ്മിന്റെ അർധ സഹോദരനെ മലേഷ്യയിൽ വിമാനത്താവളത്തിൽ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഎക്സ് ഉൾപ്പെടെയുള്ള രാസായുധങ്ങളും ലോകത്തെ ഭയപ്പെടുത്തുന്നു. പതിനായിരക്കണക്കിനു പേരെ ഒറ്റയടിക്കു കൊല്ലാൻ സാധിക്കുന്ന സരിൻ എന്ന മാരകരാസവസ്തുവും ഉത്തരകൊറിയ സംഭരിച്ചിട്ടുണ്ട്. സിറിയയിൽ സ്വന്തം ജനങ്ങൾക്കു നേരെ പ്രസിഡന്റ് ബാഷർ അൽ അസദ് പ്രയോഗിച്ചു കുപ്രസിദ്ധിയാർജിച്ചതാണ് ഈ കൊടുംരാസവസ്തു. സിറിയയ്ക്കു രാസവസ്തു നിർമാണത്തിനാവശ്യമായ സഹായം ഉത്തര കൊറിയ നൽകുന്നുവെന്ന യുഎൻ റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.

കിം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം

1990 കളിൽ സരിൻ ഉൽപാദനത്തിനായി ഉത്തരകൊറിയയിലേക്കു കടത്തുകയായിരുന്ന രാസവസ്തുക്കളടങ്ങിയ കപ്പൽ ജാപ്പനീസ് അധികൃതർ തടഞ്ഞിരുന്നു. ഹൈഡ്രജൻ സയനൈഡ്, ടബാൻ തുടങ്ങിയ രാസായുധങ്ങൾ നിർമിക്കാൻ ചൈനയും മലേഷ്യയും അനധികൃതമായി രാസവസ്തുക്കൾ ഉത്തരകൊറിയയിലേക്കു കടത്തുന്നുവെന്ന റിപ്പോർട്ടും 2014 ൽ പുറത്തുവന്നു. നിറമില്ലാത്ത ഈ വാതകങ്ങൾ ശ്വസനേന്ദ്രിയ വ്യവസ്ഥയെയും നാഡീവ്യൂഹത്തെയുമെല്ലാം തകര്‍ക്കുന്നവയാണ്.

മറ്റൊന്നു കൂടിയുണ്ട് – വിവിധ രാജ്യങ്ങൾ തമ്മിലുള്ള രാസവസ്തു കൈമാറ്റം നിയന്ത്രിക്കുന്ന 1997 ലെ രാസായുധ ഉടമ്പടിയാണിത്. പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ തോതിൽ രാസയുധ നിർമാണം അനുവദിക്കാൻ ഈ ഉടമ്പടി അനുവദിക്കുന്നെങ്കിലും രാസായുധങ്ങളുടെ വ്യാപനം തടയാനാണ് ഉടമ്പടി ആത്യന്തികമായി ലക്ഷ്യമിടുന്നത്. രാസവസ്തുക്കളുടെ ഉപയോഗം കർശന നിയന്ത്രണങ്ങളോടെയും മേൽനോട്ടത്തോടെയും മാത്രമാകുക എന്നതാണ് ഉടമ്പടിയിലെ പ്രധാന വിഷയം. എന്നാൽ ഉത്തരകൊറിയ ഇതുവരെ ഇതിൽ അംഗത്വത്തിനു തയാറായിട്ടില്ല. ഇതും ലോകരാജ്യങ്ങളിൽ സംശയം ഉറപ്പിക്കുന്നു.