കന്യാസ്ത്രീകളുടെ സമരം സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചന: നിലപാട് മാറ്റി കോടിയേരി

തിരുവനന്തപുരം ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരത്തിൽ നിലപാടു മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണെന്ന് കോടിയേരി പറഞ്ഞു. സമരത്തിലൂടെ തെളിഞ്ഞതു കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണ്. സമരത്തെ ഹൈജാക്ക് ചെയ്യാൻ സിപിഎം വിരുദ്ധർ ശ്രമിച്ചതാണ് പാർട്ടി തുറന്നുകാട്ടിയതെന്നും കോടിയേരി അവകാശപ്പെട്ടു.

സർക്കാർ നടപടികൾ സ്വീകരിച്ചതു പ്രതിഷേധങ്ങൾക്കു വിധേയമായിട്ടല്ലെന്നും കോടിയേരി പറഞ്ഞു. കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരം രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നായിരുന്നു വ്യാഴാഴ്ച കോടിയേരി പറഞ്ഞിരുന്നത്. സമരത്തിനു പിന്നിൽ ദുരുദ്ദേശ്യമാണ്. സമര കോലാഹലമുയർത്തി തെളിവുശേഖരണം തടസ്സപ്പെടുത്താനാണു ശ്രമമെന്നും കോടിയേരി ആരോപിച്ചിരുന്നു.