ദുരിതാശ്വാസനിധിയിലേക്കു പെൻഷനും; വിസമ്മതപത്രമല്ല നൽകേണ്ടത് സമ്മതപത്രം

തിരുവനന്തപുരം ∙ സർക്കാർ സർവീസിൽ നിന്നു വിരമിച്ച പെൻഷൻകാരിൽ നിന്നു സമ്മതപത്രം എഴുതിവാങ്ങിയ ശേഷം ഒരു മാസത്തെ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ഇൗടാക്കാമെന്ന് ട്രഷറി ഡയറക്ടറുടെ സർക്കുലർ. ജീവനക്കാർ വിസമ്മത പത്രമാണു നൽകേണ്ടതെങ്കിൽ പെൻഷൻകാർ നൽകേണ്ടത് സമ്മതപത്രമാണ്. ഇതോടെ സംഭാവന വാങ്ങുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടിക്കാൻ മന്ത്രി ഇന്നു നടത്താൻ നിശ്ചയിച്ച പെൻഷൻകാരുടെ സംഘടനകളുമായുള്ള കൂടിക്കാഴ്ച വെറും പ്രഹസനമായി.

പെൻഷൻ തുകയിൽ നിന്നു സംഭാവന കുറവു ചെയ്യാൻ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണം സംബന്ധിച്ച് പെൻഷൻകാർക്കിടയിൽ വ്യാപക പ്രചാരണം നടത്തണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. സമ്മതപത്രം വാങ്ങാതെ സംഭാവന ഇൗടാക്കാൻ പാടില്ല. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ താൽപര്യപ്പെട്ട് ഒട്ടേറെ പെൻഷൻകാർ ട്രഷറിയിലെത്തുന്നതു കണക്കിലെടുത്താണ് ക്രമീകരണം ഏർപ്പെടുത്തുന്നത്. സമ്മതിച്ചിട്ടുള്ള തുക എത്രയാണോ അത്രയുമാണ് ഇൗടാക്കേണ്ടതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.