അധ്യാപികമാര്‍ക്കെതിരെ അസഭ്യവർഷം: ബിജെപി നേതാവ് എസ്.സുരേഷിനെതിരെ കേസെടുത്തു

തിരുവനന്തപുരം∙ അധ്യാപികമാര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഘര്‍ഷത്തില്‍ പ്രതികളായ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ അധ്യാപികമാരെയും പ്രിന്‍സിപ്പലിനെയുമാണ് ബിജെപി നേതാവു മോശം വാക്കുകളുപയോഗിച്ച് ആക്ഷേപിച്ചത്.

സംഭവത്തിനു പിന്നാലെ കോളജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകി. പാറശാലയില്‍ നടന്ന പ്രതിഷേധ യോഗത്തിലാണ് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജിലെ അധ്യാപികമാര്‍ക്കു നേരെ ബിജെപി ജില്ലാ പ്രസിഡന്റ് അസഭ്യവര്‍ഷം നടത്തിയത്. കഴിഞ്ഞ ആഴ്ച കോളജില്‍ നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തതോടെ ആറ് എബിവിപി പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രിന്‍സിപ്പലും ഏതാനും അധ്യാപികമാരും സിപിഎം അനുകൂലികളായതിനാലാണു നടപടിയെടുത്തതെന്ന് ആരോപിച്ചാണ് ബിജെപിയുടെ പ്രതിഷേധം.