മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി, തിരിച്ചയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം∙ മൂന്നാഴ്ചത്തെ ചികിൽസ കഴിഞ്ഞു അമേരിക്കയില്‍ നിന്നെത്തിയിട്ടും മാധ്യമങ്ങളോട് സംസാരിക്കാന്‍ വിമുഖത കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഒാഫിസിൽ നിന്നുള്ള ക്ഷണമനുസരിച്ച് ഉച്ചയ്ക്കു 12.15 ന് വാർത്താസമ്മളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകര്‍ 12.40 വരെ കാത്തു നിന്നെങ്കിലും മുഖ്യമന്ത്രിയെത്തിയില്ല. തിരക്കുകൾ കാരണം മാധ്യമങ്ങളെ കാണാൻ കഴിയില്ലെന്ന നിലപാടിലേക്കു മുഖ്യമന്ത്രി മാറിയെന്നാണ് അദ്ദേഹത്തിന്റെ ഒാഫിസ് നൽകുന്ന വിശദീകരണം. 

അമേരിക്കയിലെ ചികില്‍സയ്ക്കുശേഷം മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയത് 23ന് പുലര്‍ച്ചെയാണ്. ക്ലിഫ് ഹൗസിലെത്തിയ അദ്ദേഹം പിന്നീട് സെക്രട്ടറിയേറ്റിലേക്കു തിരിച്ചു. സെക്രട്ടേറിയറ്റിന്റെ പടിക്കൽ കാത്തു നിന്ന മാധ്യമപ്രവർത്തകർക്കു നേരേ കൈവീശിയതല്ലാതെ പ്രതികരണത്തിനു തയാറായില്ല. 

ഇന്നു രാവിലെ മുതൽ പ്രളയസംബന്ധമായ ചർച്ചകളിലാണു മുഖ്യമന്ത്രി. ദേവസ്വം, റവന്യു മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയെ കാണുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായുള്ള ചർച്ചകളിലും പങ്കെടുത്തു. തീരുമാനങ്ങൾ അറിയിക്കാൻ 12.15ന് വാർത്താസമ്മേളം നടത്തുമെന്നായിരുന്നു അറിയിപ്പ്.

അതിനു ശേഷം പതിവുപോലെ ഒരു മണിക്ക് ഉച്ചഭക്ഷണത്തിനായി ക്ലിഫ് ഹൗസിലേക്കു പോകാനായിരുന്നു പരിപാടി. എന്നാൽ വാർത്താ സമ്മേളനത്തിനായി സെക്രട്ടേറിയറ്റിലെത്തിയ അൻപതോളം വരുന്ന മാധ്യമ സംഘത്തിന് ഒടുവിൽ അറിയിപ്പു ലഭിച്ചു ‘ഇന്നു വാർത്താ സമ്മേളനമില്ല. വിവരങ്ങൾ പത്രക്കുറിപ്പായി നൽകാം.’ ഇന്നു രാത്രി ഡൽഹിക്കു പുറപ്പെടുന്ന മുഖ്യമന്ത്രി നാളെ അവിടെ മാധ്യമങ്ങളെ കണ്ടേക്കും.