പ്രളയ ദുരിതം: സഹായം തേടി മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രിയെ കാണും

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം (ഫയൽ ചിത്രം)

തിരുവനന്തപുരം∙ പ്രളയദുരിതത്തിലായ കേരളത്തിനു സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചരയ്ക്കു പ്രധാനമന്ത്രിയുടെ വസതിയിലാണു കൂടിക്കാഴ്ചയ്ക്കു സമയം നൽകിയത്. തിങ്കളാഴ്ച രാത്രി 9.30 നു മുഖ്യമന്ത്രി ഡല്‍ഹിയിലെത്തും. പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുത്തശേഷം 26 ന് രാത്രി കേരളത്തില്‍ തിരിച്ചെത്തും.

കേരളത്തിലെ പ്രളയദുരന്തവും ലഭിക്കേണ്ട കേന്ദ്ര സഹായമടക്കമുള്ള കാര്യങ്ങളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ടും കൈമാറും. പ്രളയദുരന്തത്തില്‍ 4,796.35 കോടിരൂപയുടെ സഹായം അഭ്യര്‍ഥിച്ചു സംസ്ഥാനം കേന്ദ്രത്തിനു നിവേദനം നല്‍കിയിരുന്നു.

കേന്ദ്രമാനദണ്ഡപ്രകാരമുള്ള സഹായമാണ് ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടത്. കേരളം പുനര്‍നിര്‍മിക്കുന്നതിന് 25,050 കോടിരൂപ ആവശ്യമാണെന്നാണ് ലോകബാങ്ക് - ഏഷ്യന്‍വികസന ബാങ്ക് സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കേരളത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്നാണ് ഉദ്യോഗസ്ഥ സംഘം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.

ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരെയാണു കാണാന്‍ ശ്രമിക്കുന്നത്. രാജ്നാഥ് സിങ് 25ന് ലക്നൗവില്‍നിന്ന്് ഡല്‍ഹിയിലെത്തും. 26 ന് വൈകിട്ട് മൂന്നിനു കൊച്ചിയിലെത്തുന്ന അദ്ദേഹം കോവളത്തും വരുന്നുണ്ട്. ആ സാഹചര്യത്തിൽ ഡൽഹിയിൽ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യതയില്ല.