കരകാണാനാകുമോ എന്നറിയാതെ ഏകാന്തസമുദ്രത്തിൽ 49 നാൾ; ഇത് ലൈഫ് ഓഫ് അൽദി!

1. ഇന്തൊനീഷ്യയിലെ സുലാവേസി ദ്വീപിനടുത്ത് കടലിൽ ഒഴുകി നടക്കുന്ന അൽദി നോവൽ അദിലാങ്ങിന്റെ ‘മീൻ വ​ഞ്ചി’. വഞ്ചിയിൽ നിൽക്കുന്ന അൽദിയെയും കാണാം. ഇന്തൊനീഷ്യൻ കോൺസലേറ്റ് ജനറൽ പുറത്തുവിട്ട ചിത്രം. 2. അൽദിയെ രക്ഷപ്പെടുത്തിയപ്പോൾ.

ജക്കാർത്ത∙ സമയവും കാലവുമറിയാതെ, എന്നെങ്കിലും കര കാണാൻ കഴിയുമോ എന്നുപോലുമറിയാതെ അൽദി നോവൽ അദിലാങ് എന്ന പതിനെട്ടുകാരൻ വിദൂരവും ഏകാന്തവുമായ കടലിൽ കഴിഞ്ഞത് 49 ദിവസം.

ഇന്തൊനീഷ്യയിലെ സുലാവേസി ദ്വീപിനടുത്ത് തീരത്തു കെട്ടിയിട്ട ‘മീൻ വ​ഞ്ചി’ കാറ്റിൽ അഴിഞ്ഞ് അൽദിയെയും കൊണ്ട് കടലിലൂടെ ഒഴുകിയത് 2500 കിലോമീറ്ററാണ്. ശാന്തസമുദ്രത്തിലെ ഗുവാം ദ്വീപിനു സമീപത്തുനിന്ന് ഏഴാഴ്ചയ്ക്കു ശേഷം ഈ ചെറുവഞ്ചി കണ്ടെത്തി യുവാവിനെ രക്ഷിച്ചത് പാനമയിൽനിന്നുള്ള കപ്പൽ.

ഓസ്കർ പുരസ്കാരം നേടിയ ‘ലൈഫ് ഓഫ് പൈ’ എന്ന ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന അദ്ഭുത കഥയാണ് അൽദിന്റേത്. റോംപോങ് എന്ന് ഇന്തൊനീഷ്യക്കാർ വിളിക്കുന്ന മീൻകെണി വഞ്ചിയിൽ വിളക്കുകൾ തെളിക്കുന്ന ജോലിയായിരുന്നു അൽദിക്ക്. ദിവസങ്ങളോളം ഒറ്റയ്ക്കു താമസം. ആഴ്ചയിലൊരിക്കൽ മുതലാളി ഭക്ഷണവും വെള്ളവും ഇന്ധനവും എത്തിക്കും. ജൂലൈയിലെ ഒരു ദിവസം, കരയിലേക്കു വലിച്ചുകെട്ടിയ കയറുപൊട്ടി വഞ്ചി ആഴക്കടലിലേക്കു നീങ്ങി.

ദിവസങ്ങൾകൊണ്ടു ഭക്ഷണം തീർന്നു. മീൻപിടിച്ചു വേവിച്ച് വിശപ്പടക്കി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ പാചകവാതകം തീർന്നു. അതോടെ അൽദി, വഞ്ചിയുടെ തടികൊണ്ടുള്ള വേലിപോലുള്ള ഭാഗം വെട്ടിയെടുത്ത് കത്തിച്ചു പാചകം ചെയ്തു. കടൽത്തിരയിൽ വസ്ത്രത്തിൽ വന്നുവീഴുന്ന വെള്ളം പിഴിഞ്ഞെടുത്താണു കുടിച്ചിരുന്നത്.

10 കപ്പലുകൾ ഇതിനിടെ സമീപത്തുകൂടി പോയെങ്കിലും ആരും കണ്ടില്ല, രക്ഷിച്ചില്ല. ഒടുവിൽ ഓഗസ്റ്റ് 31ന് പാനമ കപ്പൽ രക്ഷപ്പെടുത്തി ജപ്പാനിലെത്തിച്ചു. അവിടെനിന്ന് എട്ടിന് നാട്ടിലെത്തി.

റോങ്പോങ്

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ചെറിയ കുടിലാണ് റോങ്പോങ്. മീൻപിടിക്കാനുള്ള വലയോ ഒറ്റാൽ പോലുള്ളവയോ ഇതിൽനിന്നു കടലിലേക്ക് ഇടും. ഇന്തൊനീഷ്യൻ ദ്വീപുതീരങ്ങളിൽ വ്യാപകമായി റോങ്പോങ്ങുകൾ കാണാം. മോട്ടോറോ തുഴയോ ഒന്നുമുണ്ടാവില്ല. മിക്കതും ആളില്ലാത്തതാകും. ചിലതിൽ വിളക്കു തെളിക്കാനും മറ്റും ഒരാളുണ്ടാകും. രാത്രി മീനുകളെ ആകർഷിക്കാനാണ് വിളക്കു തെളിക്കുന്നത്.

ലൈഫ് ഓഫ് പൈ

യാൻ മാ‍ർട്ടലിന്റെ ബുക്കർ സമ്മാനം നേടിയ ‘ലൈഫ് ഓഫ് പൈ’ എന്ന നോവലും അതിനെ ആസ്പദമാക്കി യാങ് ലീ സംവിധാനം ചെയ്ത സിനിമയും സാഹിത്യത്തിലും ബോക്സ്ഓഫിസിലും ഒരുപോലെ ഹിറ്റായിരുന്നു. കുടുംബത്തോടൊപ്പം സഞ്ചരിച്ച കപ്പൽ തകർന്ന് രക്ഷാബോട്ടിൽ ഒറ്റപ്പെട്ടു പോയ പൈ പട്ടേൽ എന്ന പതിനാറുകാരന്റെ അതിജീവന കഥയാണ് നോവലും സിനിമയും.

2001ലാണ് നോവൽ പുറത്തുവന്നത്. സിനിമ 2012ലും. ഇന്ത്യക്കാരനായ സൂരജ് ശർമയാണ് പൈ ആയി അഭിനയിച്ചത്. നോവലിന് കേരളബന്ധവുമുണ്ട്. പൈയുടെ ചെറുപ്പത്തിൽ കുടുംബം മൂന്നാറിൽ താമസിച്ചിരുന്നതായി കഥയിലുണ്ട്. സിനിമ മൂന്നാറിലും ഷൂട്ട് ചെയ്തിരുന്നു.