ചോദിച്ചത് ഒരു പ്ലാസ്റ്റിക് ഷീറ്റ്; 16 ദിവസംകൊണ്ടു വീടൊരുക്കി സൗഹൃദ സംഘം

രമയ്ക്കുവേണ്ടി നിർമിച്ച വീട്

കൊച്ചി∙ മഴയും വെയിലും കൊള്ളാതിരിക്കാൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങിത്തരുമോ എന്നു ചോദിച്ച വീട്ടമ്മയ്ക്കു സമൂഹ മാധ്യമക്കൂട്ടായ്മ ഒരുക്കി നൽകിയത് ഒരു വീട്. അതും പതിനാറു ദിവസം കൊണ്ട്. പറവൂർ വടക്കുംപുറം തൈക്കൂട്ടത്തിൽ ശ്രീനിവാസന്റെ ഭാര്യ രമ (63)യ്ക്കായാണ് സമൂഹമാധ്യമ സൗഹൃദക്കൂട്ടായ്മ വീടൊരുക്കി നൽകിയത്. 

ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ട രമ ഒരു കൊച്ചു ഷെഡിലായിരുന്നു താമസിച്ചിരുന്നത്. പ്രളയം വന്നതോടെ അതു തകർന്നു. തലചായ്ക്കാൻ ഇടമില്ലാതായതോടെ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ യുവാക്കളോടാണ് തന്റെ ആവശ്യം രമ ഉന്നയിച്ചത്. രമയുടെ ദുരിതാവസ്ഥ മനസിലാക്കിയ യുവാക്കൾ ഒരു വീടൊരുക്കി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി രൂപപ്പെടുത്തിയ വാട്സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളാണു വളരെ ചുരുങ്ങിയ സമയം കൊണ്ടു മനോഹരമായ വീടൊരുക്കി ഇവർക്കു സമ്മാനിച്ചത്. 

രണ്ടര ലക്ഷം രൂപയാണ് ഇതിനായി യുവാക്കൾ സമാഹരിച്ചത്. ഒരു മുറി, അടുക്കള, ശുചി മുറി, സിറ്റ് ഔട്ട് എന്നിവയുള്ള വീടാണ് ഒരുക്കി നൽകിയത്. വീടിനകം ടൈൽ പാകിയിട്ടുണ്ട്. മേൽക്കൂര ഷീറ്റ് വിരിച്ച് സീലിങ് ചെയ്തതോടെ വീട് റെഡി. വീട് പൂർണമായും നിർമിച്ച ശേഷമായിരുന്നു ഗൃഹപ്രവേശന വിവരം പുറത്തുവിട്ടത്. ഞായറാഴ്ച രാവിലെ നടന്ന ഗൃഹപ്രവേശനത്തിലേക്ക് ആരേയും ക്ഷണിച്ചിരുന്നില്ല. എന്നാൽ എംഎൽഎയും ജനപ്രതിനിധികളും കലാകാരന്മാരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ ചടങ്ങിനെത്തി സന്തോഷം പങ്കുവെച്ചു.

ഹോം ചലഞ്ച് എന്ന പേരിൽ രൂപീകരിക്കപ്പെട്ട ഗ്രൂപ്പ് സമാഹരിച്ച തുകയിൽ ബാക്കി വന്ന 10000 രൂപ മറ്റൊരു വീടു നിർമാണത്തിനായി രമ കൈമാറി. മറ്റൊരാൾക്ക് വീടൊരുക്കാനുള്ള പുതിയ ദൗത്യത്തിലാണ് ഈ സൗഹൃദസംഘം.