സമഗ്രസംഭാവനാ പുരസ്കാരം ഒഴിവാക്കും, സൗജന്യപാസില്ല; ആർഭാടം ഒഴിവാക്കി ചലച്ചിത്രമേള‌

ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകൾ (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഒഴിവാക്കാന്‍ ധാരണ. സൗജന്യപാസുകള്‍ ഉണ്ടാകില്ല. ഏഴുദിവസം നടത്താറുള്ള മേള ആറു ദിവസമാക്കി ചുരുക്കും. ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും. ചെലവുചുരുക്കി മേള നടത്താമെന്ന നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചതോടെ ആര്‍ഭാടങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണു ചലച്ചിത്ര അക്കാദമി. 27ന് മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. 

കഴിഞ്ഞ വര്‍ഷം സമഗ്ര സംഭാവനയ്ക്ക് അഞ്ചുലക്ഷം രൂപയായിരുന്നു പുരസ്കാരത്തുക. ഇത്തവണ പത്തുലക്ഷം നല്‍കാനായിരുന്നു തീരുമാനം. പ്രളയത്തെത്തുടര്‍ന്നുള്ള ചെലവുചുരുക്കലിന്റെ ഭാഗമായി തീരുമാനം അടുത്തവർഷത്തേക്കു നീട്ടി. കഴിഞ്ഞതവണ 12,500 ഡെലിഗേറ്റ് പാസുകളാണു വിതരണം ചെയ്തത്. സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി 2,500 സൗജന്യപാസും നല്‍കി. ഈ സൗജന്യം ഇത്തവണ ഉണ്ടാകില്ല. ഡെലിഗേറ്റ് ഫീസ് 650 രൂപയായിരുന്നത് 1500- 2000  രൂപയാക്കി വര്‍ധിപ്പിക്കാനാണ് ആലോചന. വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന നിരക്കിളവ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്.

രണ്ട് സ്വകാര്യ തിയറ്ററുകള്‍ കുറയ്ക്കുന്നതോടെ പ്രദർശന കേന്ദ്രങ്ങൾ 12 ആകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ പൂര്‍ണമായും സൗജന്യമാക്കണമെന്ന് ആവശ്യപ്പെടും. ടാഗോര്‍ തിയറ്റർ തന്നെയാകും മുഖ്യവേദി. മുൻവർഷം ഒരുകോടിയോളം രൂപയാണു സിനിമകള്‍ക്കു മാത്രമായി ചെലവായത്. ഇത്തവണയും ഒരു കോടി മാറ്റിവച്ചിട്ടുണ്ട്. മറ്റിനങ്ങളില്‍ ചെലവു ചുരുക്കാമെങ്കിലും സിനിമകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണ് അക്കാദമിയുടെ നിലപാട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ജൂറിയംഗങ്ങളുടെ ചെലവു കുറയ്ക്കാൻ ശ്രമങ്ങളുണ്ട്. എല്ലാ അവാര്‍ഡുകള്‍ക്കുമുള്ള പുരസ്‌കാര തുക കുറയ്ക്കാമെന്നു നിര്‍ദേശം വന്നിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. 

സ്‌പോണ്‍സര്‍ഷിപ്പിലും അല്ലാതെയുമായി ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്കു മേള നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ആറരക്കോടി രൂപയാണു ചലച്ചിത്രമേളയ്ക്കു ചെലവായത്. ഇക്കുറി ചെലവ് മൂന്നരക്കോടിക്കുള്ളില്‍ നിര്‍ത്താനാണു ലക്ഷ്യമിടുന്നത്. ഡെലിഗേറ്റ് ഫീസ് കൂട്ടുന്നതോടെ രണ്ടുകോടി സമാഹരിക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍.