'മണാലിയില്‍നിന്ന് രക്ഷപെടല്‍ എളുപ്പമാക്കിയതു പ്രളയകാലത്തെ പാഠങ്ങള്‍'

മണാലിയിൽ പ്രളയത്തിൽ കുടുങ്ങിയ കൊച്ചിയിൽ നിന്നുപോയ 14 അംഗ വിനോദസഞ്ചാര സംഘം നെടുമ്പാശേരി വിമാത്താവളത്തിൽ എത്തിയപ്പോൾ.

കൊച്ചി∙ മുന്നറിയിപ്പ് അവഗണിച്ചതാണ് ഹിമാചൽ പ്രദേശിലെ പ്രളയദുരന്തത്തിന്റെ തോത് ഉയർത്തിയതെന്ന് മണാലിയിൽ പ്രളയത്തിൽ കുടുങ്ങി രക്ഷപെട്ടെത്തിയ കൊച്ചി പറവൂർ സ്വദേശി ഷഫീക്ക് പറഞ്ഞു. കൊച്ചിയിൽ നിന്നു വിനോദയാത്ര പുറപ്പെട്ട 14 അംഗ സംഘം ഇന്നു രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. പ്രളയവും ഉരുൾ പൊട്ടലും ഉണ്ടായപ്പോഴും വിനോദ യാത്രാ സംഘങ്ങളുടെ വരവ് തടയുന്നതിന് ഹിമാചൽ സർക്കാർ നടപടിയെടുക്കാതിരുന്നതാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ വിനോദ സഞ്ചാരികൾ എത്തി കുടുങ്ങാൻ ഇടയാക്കിയത്.

അവിടെ ടൂറിസത്തെ ബാധിക്കുമെന്നതിനാലാണ് ദുരന്ത മുന്നറിയിപ്പ് അവഗണിച്ചത്. ആളുകൾ വന്ന് കുടുങ്ങിയാൽ ഹോട്ടലുകൾക്ക് കൂടുതൽ വരുമാനമുണ്ടാകുമെന്നു കണക്കുകൂട്ടി. അവിടെ പതിവു സംഭവമായാണ് നാട്ടുകാർ പ്രളയത്തെ കൈകാര്യം ചെയ്തത്. എന്നാൽ 1995നു ശേഷം ആദ്യമായാണ് ഇത്തരത്തിൽ പ്രളയം വൻതോതിൽ ദുരിതമുണ്ടാക്കുന്നതെന്നും കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ടൂർ ഓപ്പറേറ്റർമാർ പറഞ്ഞതായി ഷെഫീക്ക് പറയുന്നു.

കേരളത്തിൽ പ്രളയമുണ്ടായപ്പോൾ ലഭിച്ച അനുഭവ പാഠമാണ് രക്ഷപെടൽ എളുപ്പത്തിലാക്കിയതെന്ന് ഷെഫീക്ക് പറയുന്നു. സംസ്ഥാനത്തുനിന്നു ദുരന്ത നിവാരണ വിഭാഗത്തിൽ നിന്നുള്ളവർ വിളിച്ച് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു തന്നു. എം.വി. ജയരാജൻ വിളിച്ച് അന്വേഷിക്കുകയും മറ്റ് സംഘങ്ങളെക്കുറിച്ച് വിവരം വല്ലതുമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. താമസിച്ച ഹോട്ടൽ അൽപം ഉയർന്ന സ്ഥലത്തായിരുന്നതിനാൽ പ്രളയം അത്ര പെട്ടെന്ന് ബാധിച്ചില്ല. എന്നാൽ റോഡുകളിൽ അഞ്ചടി വരെ വെള്ളം ഉയർന്നു. പിന്നെ ആളുകളെ ഒഴിപ്പിച്ച് ഉയർന്ന പ്രദേശത്തുള്ള ഹോട്ടലുകളിലും മറ്റും താമസിപ്പിക്കുന്നതാണ് കണ്ടത്. അധികം അവിടെ തുടരുന്നത് നല്ലതല്ലെന്നു തോന്നിയതാണ് രക്ഷപെടൽ എളുപ്പത്തിലാക്കിയത്.

കിലോമീറ്ററുകളോളം റോഡുകൾ കുത്തിയൊലിച്ചു പോയിട്ടുണ്ട്. മൂന്നു ടൂറിസ്റ്റ് ബസുകളെങ്കിലും ഒലിച്ചു പോയി. ഒരു ബസ് സ്റ്റാന്റ് ഒലിച്ചു പോയി. നാലു കിലോമീറ്റർ നടന്നപ്പോൾ രണ്ട് ടാക്സി ഡ്രൈവർമാരാണ് രക്ഷകരായത്. കൂടുതൽ പണം ചോദിച്ചെങ്കിലും അവർ സഹായിച്ചില്ലായിരുന്നെങ്കിൽ വഴിയിൽ കുടുങ്ങിപ്പോകുമായിരുന്നു. സാധാരണ വഴികളിലൂടെ അല്ലാതെ കുന്നുകളിലൂടെയും അല്ലാതെയും ഓഫ് റോഡുകളിലൂടെയും ദീർഘദൂരം യാത്ര ചെയ്താണ് വിമാനത്താവളത്തിലേയ്ക്കെത്തിയത്. പ്രതീക്ഷിച്ചതിലും ദുർഘടമായിരുന്നു യാത്ര. വന്ന വഴിയിലും ഉരുൾ പൊട്ടലുണ്ടായെങ്കിലും അപകടമുണ്ടായില്ല.

പ്രളയ വിവരം പുറം ലോകത്ത് മാധ്യമങ്ങളെ അറിയിക്കുകയും ന്യൂസ് ഫ്ലാഷുകൾ വരികയും ചെയ്തതോടെയാണ് ടൂറിസ്റ്റുകൾ എത്തുന്നത് നിലച്ചത്. കേരളത്തിലെ പോലെ ക്യാംപുകളും സർക്കാർ സംവിധാനങ്ങളുടെ ഇടപെടലുകളും ഒന്നും കാണാനായില്ലെന്നും ഷെഫീക്ക് പറയുന്നു.