മന്ത്രിക്കും പാർട്ടിക്കും എത്ര കിട്ടി? ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിൽ അഴിമതിയെന്ന് ചെന്നിത്തല

രമേശ് െചന്നിത്തല

തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതിയതായി ഒരു ഡിസ്റ്റിലറിയും മൂന്നു ബ്രൂവറികളും അനുവദിച്ചതിൽ കോടികളുടെ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിലോ ഇടതുമുന്നണിയിലോ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റ് പ്രസംഗത്തിലോ പറയാതെ അതീവ രഹസ്യമായാണ് ഇവ അനുവദിച്ചത്.

കൊച്ചിയിൽ ബ്രൂവറിക്ക് കിൻഫ്രയുടെ പത്തേക്കർ‌ ഭൂമി വിട്ടുകൊടുത്തു. 17 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് ഡിസ്റ്റിലറി അനുവദിക്കുന്നത്. സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമാണ് ഈ തീരുമാനങ്ങൾ. മന്ത്രിക്കും പാർട്ടിക്കും ഇതിൽ എത്ര കിട്ടിയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇതുകൂടാെത സംസ്ഥാനത്തെ രണ്ടു ഡിസ്റ്റലറികളുടെ ഉൽപാദന ശേഷി വർധിപ്പിക്കാനുള്ള ഉത്തരവും സർക്കാർ നൽകിയതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഉത്തരവു പുറപ്പെടുവിച്ചതെന്നു വ്യക്തമാക്കണം. സംസ്ഥാനത്ത് ഇപ്പോൾ സാലറി ചാലഞ്ചല്ല, ബ്രൂവറി ചാലഞ്ചാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.