പിണറായി കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ചിന്; സൗമ്യയുടെ ആത്മഹത്യയും അന്വേഷിക്കും

കണ്ണൂര്‍∙ പിണറായി കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കും. പൊലീസ് കുറ്റപത്രം നല്‍കിയ മൂന്നു കേസുകളും തുടര്‍അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവവും അന്വേഷിക്കും. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മറ്റൊരാളാണെന്നു സൗമ്യ അത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.

നാല് കേസുകളുടെയും അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതായി അറിയിച്ചുകൊണ്ട് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച് എഡിജിപിയും ഉത്തരവിറക്കി. സൗമ്യയുടെ ഒമ്പതുകാരിയായ മകള്‍ ഐശ്വര്യ, പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് കമല എന്നിവരാണ് ഏതാനും ആഴ്ചകളുടെ ഇടവേളകളില്‍ മരിച്ചത്. ഛർദിയും വയറ്റിലെ അസ്വസ്ഥതകളും മൂലമുണ്ടായ മരണങ്ങൾ എന്നാണ് ആദ്യം കരുതിയതെങ്കിലും എലിവിഷം നല്‍കി സൗമ്യ കൊലപ്പെടുത്തിയതാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. 

വഴിവിട്ട ജീവിതത്തിനു തടസമായതാണ് കൊലയ്ക്ക് കാരണമെന്നു കാണിച്ച് തലശേരി പൊലീസ് കുറ്റപത്രം നല്‍കിയിരുന്നു. ഇതിനിടെയാണ് കണ്ണൂര്‍ വനിതാ ജയിലിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ സൗമ്യയെ കണ്ടത്. സൗമ്യ ആത്മഹത്യാക്കുറിപ്പില്‍ കൊലക്കുറ്റം നിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സൗമ്യയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കുറ്റപത്രം നല്‍കിയെങ്കിലും മൂന്നു കൊലപാതകങ്ങളും സൗമ്യയുടെ ആത്മഹത്യയും തുടക്കം മുതല്‍ അന്വേഷിക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് നേതൃത്വം നല്‍കും.