വെറ്ററിനറി സർവകലാശാലയിൽ മാവോയിസ്റ്റ് പോസ്റ്റർ പതിച്ചു: എത്തിയത് മൂന്നംഗസംഘം

പൂക്കോട് സർവകലാശാലയിൽ മാവോയിസ്റ്റ് പോസ്റ്റർ പതിപ്പിച്ചപ്പോള്‍

കൽപറ്റ ∙ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മൂന്നംഗ മാവോയിസ്റ്റ് സംഘം എത്തിയതായി സ്ഥിരീകരണം. മാവോയിസ്റ്റുകൾ എത്തിയെന്ന വിവരം ലഭിച്ചതോടെ സ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. സർവകലാശാലാ പരിസരത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പതിച്ചു.

മൂന്നംഗ സംഘമാണ് എത്തിയതെന്നും ആയുധധാരികളായ ഇവർ ആദ്യം തന്റെ ഫോൺ തട്ടിയെടുത്തെന്നും സർവകലാശാലയിലെ സുരക്ഷാ ജീവനക്കാരനായ പ്രഭാകരൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഫോൺ പരിശോധിച്ച ശേഷം പരിസരത്ത് പോസ്റ്ററുകൾ പതിച്ചു. പോസ്റ്ററുകൾ മാറ്റിയാൽ സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. മടങ്ങാൻ നേരം ഫോൺ മടക്കിനൽകിയെന്നും പ്രഭാകരൻ പറഞ്ഞു.

ഇതിനിടെ, അതിർത്തി വനപ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. ഊട്ടിക്കടുത്ത് മഞ്ചൂരിൽ പൊലീസ് സ്റ്റേഷന് ചുറ്റും മണൽ ചാക്കുകൾ അടുക്കി സംരക്ഷണ വേലി തീർത്തു. അതിർത്തി പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷൻ വനം വകുപ്പ് ഓഫിസുകൾക്ക് നേരത്തെ ചുറ്റുമതിലുകളും വാച്ച് ടവറുകളും നിർമിച്ചിരുന്നു.

മഞ്ചൂർ പൊലീസ് സ്റ്റേഷന് നേരത്തെ ചുറ്റുമതിൽ ഇല്ലായിരുന്നു. വയനാട്ടിൽ ചില പ്രദേശങ്ങളിൽ മാവോയിസ്റ്റുകളുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുമ്പോൾ നീലഗിരിയുടെ അതിർത്തികളിൽ പരിശോധന ശക്തമാക്കാറുണ്ട്. അതിർത്തി പ്രദേശങ്ങളിലെ ആദിവാസി ഗ്രാമങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

ആദിവാസി ഗ്രാമങ്ങളിലെ അടിസ്ഥാന ആവശ്യങ്ങൾ പൊലീസ് ജില്ലാ നേതൃത്വത്തിനെ അറിയിച്ച് പരിഹരിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി ഓണം വിഷു, ദീപാവലി , പൊങ്കൽ ആഘോഷങ്ങളിൽ സമ്മാനങ്ങളുമായി പൊലീസെത്തും. താഴെ നാടുകാണി പോലുള്ള ഗ്രാമങ്ങൾ ഇതിനകം പൊലീസ് ദത്തെടുത്തിട്ടുണ്ട്.