എന്താണ് വെൽഫി, ആരാണ് മോദി, ലോകാവസാനമുണ്ടോ?; തിരച്ചിലിന്റെ 20 ഗൂഗിൾ വർഷങ്ങൾ

‘വാട്ട് ഈസ് ഗൂഗിൾ?’ എന്നു ഗൂഗിൾ സേർച്ചിൽ തിരഞ്ഞാൽ നമുക്കു മുന്നിലെത്തുക 945 കോടിയോളം റിസൽട്ടുകളായിരിക്കും. ഗൂഗിളിനു തന്നെ ഗൂഗിളിനെക്കുറിച്ചു പറയാൻ നൂറുനാവാണ്, അപ്പോൾപ്പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടല്ലോ! അഞ്ചു വർഷം മുൻപ്, 2013 ഓഗസ്റ്റ് 16ന്, ഗൂഗിൾ സേർച്ച് അഞ്ചു മിനിറ്റ് നേരത്തേക്ക് ‘ഡൗണായി’പ്പോയി. ആ സമയത്തു മാത്രം ലോകത്തിലെ ഇന്റർനെറ്റ് ഉപയോഗത്തിൽ 40 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയത്. അത്രയേറെ ലോകം ഈ സേർച്ച് എൻജിൻ ഭീമനെ ആശ്രയിക്കുന്നു. എങ്ങനെയായിരുന്നു ഇക്കഴിഞ്ഞ 20 വർഷത്തെ ഗൂഗിളിന്റെ യാത്ര? അറിയാം... താഴെ ക്ലിക്ക് ചെയ്യുക

‘രാവിലെ സൂര്യനുദിക്കുന്നതിനു മുൻപാണോ എഴുന്നേൽക്കേണ്ടത്’ എന്നതു മുതൽ ‘രാത്രി കിടക്കും മുൻപ് ദൈവത്തോടു പ്രാർഥിക്കണോ’ എന്നു വരെ സേർച്ച് ചെയ്യുന്നവരാണ് ‘ഗൂഗിൾ ലോക’ത്തുള്ളത്. ഓരോ ദിവസവും ഗൂഗിളിൽ നടത്തുന്ന തിരച്ചിലുകളിൽ 16 മുതൽ 20 ശതമാനം വരെ ഇന്നേവരെ ആരും നടത്താത്ത അന്വേഷണങ്ങളാണ്. ലോകം എങ്ങനെ ആരംഭിച്ചു എന്നതിനു മാത്രമല്ല, ലോകം അവസാനിക്കുമോ എന്ന ചോദ്യത്തിനു വരെ ഉത്തരമുണ്ട് ഗൂഗിളിൽ.

മനുഷ്യജീവിതവുമായി അത്രയേറെ അടുത്തു നിൽക്കുന്നതു കൊണ്ടുതന്നെയാണ് 2002ൽ, ആ വർഷത്തെ ഏറ്റവും ഉപകാരപ്രദമായ വാക്കായി ഗൂഗിളിനെ അമേരിക്കൻ ഡൈലെക്റ്റ് സൊസൈറ്റി തിരഞ്ഞെടുത്തതും. നാലു വർഷം കഴിഞ്ഞപ്പോൾ, 2006ൽ, ഓക്സ്ഫഡ് ഇംഗ്ലിഷ് ഡിക്‌ഷനറിയിലും ഗൂഗിൾ സ്ഥാനം പിടിച്ചു. 1998 സെപ്റ്റംബർ 27നാണ് ഗൂഗിൾ സേർച്ചിന്റെ ഔദ്യോഗിക ആരംഭം. കഴിഞ്ഞ വർഷം ജനുവരിയിലെ കണക്കു പ്രകാരം ലോക സേർച്ച് എൻജിൻ വിപണിയുടെ 90 ശതമാനവും ഗൂഗിളിന്റെ കീഴിലാണ്. ഇന്നു മലയാളം ഉൾപ്പെടെ നൂറ്റൻപതിലേറെ ഭാഷകളിൽ ഗൂഗിള്‍ സേർച്ച് ലഭ്യം. ഈ വൻവലക്കണ്ണികൾ പരന്നു കിടക്കുന്നതാകട്ടെ 190-ലേറെ രാജ്യങ്ങളിലും! 

ഒരു ആശ്ചര്യചിഹ്നം കൊണ്ടു മാത്രമേ ഗൂഗിളിനെപ്പറ്റിയുള്ള ഓരോ വിവരവും നമുക്കു പൂർത്തിയാക്കാനാവുകയുള്ളൂവെന്നതാണു സത്യം. പക്ഷേ അപ്പോഴും ഗൂഗിൾ തൃപ്തരല്ല. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഗൂഗിൾ സേർച്ച് വൈസ് പ്രസിഡന്റ് ബെൻ ഗോമസ് പറഞ്ഞതിങ്ങനെ:

‘ഞങ്ങളുടെ സേർച്ച് ഇപ്പോഴും മികച്ചതല്ല, അങ്ങനെയാണെന്ന തോന്നലും ‍ഞങ്ങൾക്കില്ല. പക്ഷേ ഒരു കാര്യത്തിൽ നിങ്ങൾക്കു ഞങ്ങൾ ഉറപ്പു നൽകാം. ഓരോ ദിവസവും ഗൂഗിൾ സേർച്ചിനെ ഞങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കും...’ 

മനസ്സിൽ ചോദ്യം ആലോചിക്കുമ്പോൾ തന്നെ ഗൂഗിൾ ഉത്തരം കണ്ടെത്തിത്തരുന്ന അവസ്ഥയിലേക്കാണ് ഇനിയുള്ള യാത്രയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ അതിനുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു ഗൂഗിൾ കമ്പനി. ഇരുപതാം വാർഷികത്തിൽ ഗൂഗിളിന്റെ നിർണായക അറിയിപ്പും അതുതന്നെയാണ്.

വിഷ്വൽ സ്റ്റോറി:

ഡിസൈൻ: ജിനു സി. പ്ലാത്തോട്ടം
വര: അനൂപ് കെ. കുമാർ
എച്ച്ടിഎംഎൽ: അനീഷ് ദേവസ്സി