ജിഎസ്ടിയില്‍ കേരളത്തിനായി സെസ്: മന്ത്രിതല സമിതിക്കു രൂപം നല്‍കും

തോമസ് ഐസക്, അരുൺ ജയ്റ്റ്ലി

ന്യൂഡല്‍ഹി∙ പ്രളയക്കെടുതി കണക്കിലെടുത്തു കേരളത്തെ സഹായിക്കാന്‍ ചരക്കു സേവന നികുതിയില്‍ അധിക സെസ് ഏര്‍പ്പെടുത്തുന്നതു പരിശോധിക്കാനായി ഏഴംഗ മന്ത്രിതല സമിതിക്കു രൂപം നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണ. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷം ധനകാര്യ മന്ത്രി ഡോ. ടി. എം തോമസ് ഐസക് അറിയിച്ചതാണ് ഇക്കാര്യം. 

കേരളത്തെ സഹായിക്കുന്നതിനായി പ്രത്യേക സെസ് ഏര്‍പ്പെടുത്തുന്നതിനെ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയും മിക്ക സംസ്ഥാനങ്ങളിലെ പ്രതിനിധികളും പിന്തുണച്ചതായി ഡോ. തോമസ് ഐസക് പറഞ്ഞു. പ്രത്യേക സെസ് ഏര്‍പ്പെടുത്തുന്നതിനു തടസങ്ങളൊന്നുമില്ല. അടിയന്തിര ഘട്ടങ്ങളില്‍ ഒരു സംസ്ഥാനത്തെ സഹായിക്കുന്നതിനു ഇത്തരത്തില്‍ അധിക നികുതി ഏര്‍പ്പെടുത്തുന്നതിനെ ഭരണഘടനയും പിന്തുണയ്ക്കുന്നുണ്ടെന്നു കേന്ദ്ര ധനമന്ത്രി അറിയിച്ചു. 

ഇക്കാര്യത്തില്‍ മന്ത്രിതല സമിതി ഉടന്‍ ഫോര്‍മുല തയാറാക്കും. സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിനു ശേഷം തീരുമാനമുണ്ടാകും. എസ്ജിഎസ്ടിയില്‍ സെസ്, അഖിലേന്ത്യാടിസ്ഥാനത്തില്‍ സെസ്, ഒന്നോ രണ്ടോ ഉത്പന്നങ്ങള്‍ക്കു സെസ് ഇതില്‍ ഏതു വേണമെന്നത് സമിതി തീരുമാനിക്കും. അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. നികുതി കുറച്ചതിനെത്തുടര്‍ന്നുണ്ടായിരിക്കുന്ന പ്രത്യാഘാതം സെപ്റ്റംബര്‍ അവസാനത്തോടെ അറിയാം. ക്ഷേമ നിധികളിലേക്കു പല കമ്പനികളും വന്‍തുക അടയ്ക്കാനുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു നൂറുകണക്കിനു കേസുകള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.