ഭൂകമ്പത്തിനു പിന്നാലെ ഇന്തൊനീഷ്യയിൽ സൂനാമി; പാലു നഗരത്തിൽ കൂറ്റൻതിര

ഇന്തൊനീഷ്യയിലെ പലുവിൽ സൂനാമി തിരമാലകൾ അടിച്ചപ്പോൾ (ട്വിറ്റർ ചിത്രം)

ജക്കാർത്ത∙ ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒരാൾ മരിച്ചു. 10 പേർക്കു പരുക്കേറ്റു. ഭൂചലനത്തെ തുടർന്നുണ്ടായ സൂനാമി വൻനാശം വിതച്ചു. തുടർചലന സാധ്യതയുമുള്ളതിനാൽ ജനം ഭീതിയിലാണ്. മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലുവിലെ വിമാനത്താവളം അടച്ചു.

റിക്ടർ സ്കെയിലിൽ 7.5 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റർ അകലെ 10 കിലോമീറ്റർ താഴെ ഭൂമിക്കടിയിലാണ്. മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയിൽ വെള്ളിയാഴ്ച രാവിലെ ആറിന് ആയിരുന്നു ആദ്യ ഭൂചലനം. വൈകാതെ സമാന തീവ്രതയുള്ള ഭൂചലനം ഡൊങ്കാലയിലും പാലുവിലും അനുഭവപ്പെട്ടു. ഫിലീപ്പീൻസിന് അടുത്തുകിടക്കുന്ന പ്രദേശത്താണു ഭൂചലനമുണ്ടായത്. ഇവിടെ ഒരുപാടു മലയാളികളും ഉണ്ടെന്നാണു വിവരം. ആദ്യ ഭൂചലനം ഉണ്ടായപ്പോൾ തന്നെ സൂനാമി മുന്നറിയിപ്പു നൽകിയെങ്കിലും പിന്നീട് അതു പിൻവലിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പ് പിൻവലിച്ച് അധികം കഴിയും മുൻപേ സൂനാമി ആഞ്ഞടിച്ചു.

മൂന്നര ലക്ഷം ജനസംഖ്യയുള്ള പാലു പട്ടണത്തിലാണ് സൂനാമിത്തിരകൾ ആഞ്ഞടിച്ചത്. നാശനഷ്ടം സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ഭൂചലനം നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തൊനീഷ്യ. 2004 ഡിസംബർ 26ന് പശ്ചിമ ഇന്തൊനീഷ്യയിലെ സുമാത്രയിൽ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടർന്നുണ്ടായ സൂനാമിയിൽ വിവിധ രാജ്യങ്ങളിലായി 2,30,000 പേർ കൊല്ലപ്പെട്ടിരുന്നു. 2006ൽ യോഗ്യാകർത്തായിൽ ഉണ്ടായ 6.3 തീവ്രതയുള്ള ഭൂചലനത്തിൽ 6000 പേർ കൊല്ലപ്പെട്ടു. ഈ വർഷം ലോംബോക്കിലുണ്ടായ ഭൂചലനത്തിൽ 550 പേർ കൊല്ലപ്പെട്ടു.