ഹിമാ‌ചലിൽ ട്രക്കിങ്ങിനുപോയ 16 പേരെക്കുറിച്ചു വിവരമില്ല; കാണാതായവരിൽ 10 വിദേശികൾ

കനത്ത മഞ്ഞുവീഴ്ചയിൽ ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കുന്ന വ്യോമസേന ഹെലികോപ്റ്റർ

ചംബ (ഹിമാചൽ പ്രദേശ്)∙ ഹിമാചല്‍ പ്രദേശിലേക്ക് ട്രക്കിങ്ങിനു പോയ പത്ത് വിദേശികളുൾപ്പെടെ 16 പേരെ കാണാനില്ല. മോശം കാലാവസ്ഥയെത്തുടർന്ന് ട്രക്കിങ്ങിനുപോയവരുമായി ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ്, പർവതാരോഹകർ തുടങ്ങിയവരുടെ സംഘം തിരച്ചിൽ നടത്തുന്നുണ്ട്.

ഈയാഴ്ച ആദ്യം 45 ഐഐടി വിദ്യാര്‍ഥികൾ, അഞ്ച് യുഎസ് പൗരന്‍മാർ, രണ്ട് ജർമന്‌ പർവതാരോഹകർ എന്നിവരെ ഹിമാചലിന്റെ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ നിന്നു രക്ഷിച്ചിരുന്നു. ജില്ലാ ഭരണകൂടവും ബോർഡർ റോഡ്സ് ഓർഗനൈസേഷനും (ബിആർഒ) നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം മണാലിയിലേക്കുള്ള റോ‍ഡുകളെല്ലാം തകരാറിലായതോടെ ലഹോല്‍ താഴ്‍വരയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ.

സെപ്റ്റംബർ പകുതിയോടെ സംസ്ഥാനത്തു തുടങ്ങിയ ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഇപ്പോഴും തുടരുകയാണ്. ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ തിരച്ചിലും ഭക്ഷണ വിതരണവും നടത്തുന്നുണ്ട്. അതേസമയം ഹിമാചലിലെ ഭൂരിഭാഗം റോഡുകളിലും ഗതാഗതം പുനരാരംഭിച്ചതായി സംസ്ഥാന ദുരന്ത നിരവാരണ അതോറിറ്റി അറിയിച്ചു.