ആ ‘സ്പർശം’ തെറ്റാണെന്ന് അറിയാതെ; പീഡന ഓർമകൾ വേട്ടയാടുന്ന കുരുന്നുകൾ

കൂട്ടമാനഭംഗവും ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ടുള്ള പീഡനങ്ങളും വാർത്തകളിൽ നിറയുമ്പോൾ പലപ്പോഴും എന്തുകൊണ്ട്, എന്തിന് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉടലെടുക്കാറുണ്ട്. ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയെയും 90 കഴിഞ്ഞ വയോധികയെയും പീഡിപ്പിക്കുന്നത് എന്തിനാണെന്നും നാം ചിന്തിച്ചുപോകാറുണ്ട്. ലൈംഗികശേഷി ഇല്ലാതാകുന്നുവെന്ന ഭയമാണ് വയോധികർ പ്രതികളായ മിക്ക പീഡനങ്ങൾക്കും പിന്നിലെങ്കിൽ വിഡിയോകളിൽനിന്നും പുസ്തകങ്ങളിൽനിന്നും പഠിച്ചത് പ്രാവർത്തികമാക്കുകയാണ് കുട്ടിക്കുറ്റവാളികൾ. അവരുടെ മനഃശാസ്ത്രത്തെക്കുറിച്ച്...

സുരക്ഷിതമല്ല പല വീടുകളും: ഡോ. ജയിംസ് വടക്കുംചേരി(ക്രിമിനോളജിസ്റ്റ്)

കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസുകളിൽ 70 ശതമാനത്തിലെയും പ്രതികൾ അവർ താമസിക്കുന്ന വീടുകളിൽനിന്നാണെന്നു പ്രമുഖ ക്രിമിനോളജിസ്റ്റ് ഡോ. ജയിംസ് വടക്കുംചേരി പറയുന്നു. കുട്ടികളെ പീഡിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി വീട് മാറിയിരിക്കുന്നു. പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതാണു കാരണം. വളരെ അടുത്ത് ഇടപെടുന്നവരെ കുട്ടികൾക്ക് എതിർക്കാൻ കഴിയില്ല. സ്വന്തക്കാരും ബന്ധുക്കളും ആത്മസുഹൃത്തുക്കളുമൊക്കെയാണു കുട്ടികളെ പീഡിപ്പിക്കുന്നത്. അച്ഛനും അപ്പൂപ്പനുമൊക്കെ കേസിൽ പെടുന്നുണ്ടെങ്കിലും അവരുടെ എണ്ണം താരതമ്യേന കുറവാണ്. രണ്ടാനച്ഛൻമാർ കുട്ടികളെ പീഡിപ്പിക്കുന്നതും കൂടുന്നുണ്ട്. എന്നാൽ അടുത്ത ബന്ധമുള്ള മറ്റുളളവർ പീഡിപ്പിക്കുന്നത് വളരെ കൂടുതലാണ്. അതിനു കാരണം കുട്ടികളോട് വളരെ അടുത്തിടപഴകാൻ ഇവർക്ക് അവസരമുണ്ടെന്നതാണ്.

ആധുനിക സംസ്കാരത്തിന്റെ ഭാഗമായുള്ള അങ്കിൾ / ആന്റി വിളികൾ ഇതിൽ വലിയൊരു ഘടകമാണ്. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കുഞ്ഞമ്മ, ചെറിയമ്മ, ചെറിയച്ഛൻ, വല്യച്ഛൻ തുടങ്ങിയ വിളികൾ ഉണ്ടായിരുന്നു. പരിഷ്കാരത്തിന്റെ പേരിൽ അതെല്ലാം മാറ്റിയപ്പോൾ എല്ലാവരും കുട്ടികൾക്ക് അങ്കിൾ ആന്‍റിമാരാണ്. ബന്ധങ്ങൾ അറിയുന്നില്ല. പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇവരൊക്കെ വീട്ടിൽ വരുമ്പോൾ ബന്ധങ്ങൾ തിരിച്ചറിയാനാകുന്നില്ല. പണ്ടുകാലത്ത് വീടുകളിൽ സിറ്റ്ഔട്ട് സമ്പദ്രായം ഉണ്ടായിരുന്നു. ഇന്ന് അതു മാറിയിട്ട് ഇത്തരം ആളുകൾ അടുക്കളയിൽ വരെ കയറിത്തുടങ്ങി. അപ്പോൾ ബന്ധുക്കളെയും സ്വന്തക്കാരെയും കുട്ടികൾക്കു തിരിച്ചറിയാൻ പറ്റാതായി. കുട്ടികൾ അവരോട് അടുക്കുമ്പോൾ ആ അടുപ്പം അവർ ദുരുപയോഗം ചെയ്യാൻ തുടങ്ങി. കുട്ടികൾക്ക് ഇതിനെ എതിർക്കാൻ പറ്റാതായി. വീട്ടിൽ ഇത്രയും അടുത്തിടപഴകുന്ന ആളെക്കുറിച്ച് വീട്ടുകാരോടു പറയാൻ പേടിയായി.

ദിവസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെയും വയോധികരെയും പീഡിപ്പിക്കുന്നവർ തീർച്ചയായും മാനസികവൈകല്യമുള്ളവരാണ്. പീഡനം നടന്ന് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാലെ പരിശോധന നടത്തി കൃത്യമായ തെളിവുകൾ ശേഖരിക്കാനാകൂ. വൈകുംതോറും മെഡിക്കൽ പരിശോധനയിൽ ലഭിക്കുന്ന തെളിവുകളുടെ വ്യക്തത കുറയും. അങ്ങനെയുള്ള കേസുകളിൽ ശിക്ഷാവിധിയും കുറഞ്ഞതാകും. മാത്രമല്ല, പല കേസുകളിലും കുട്ടികൾ നേരിട്ടു റിപ്പോർട്ട് ചെയ്യുന്നതു കുറവാണ്. ചൈൽഡ് ലൈൻ പ്രവർത്തകരൊക്കെ ചോദിച്ചാണ് പലപ്പോഴും കാര്യങ്ങൾ മനസ്സിലാക്കുന്നത്.

‘നോ’ പറയാൻ സാഹചര്യമൊരുക്കണം: ഡോ. സന്ദീശ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)

പീഡിപ്പിക്കപ്പെട്ട കുട്ടികളിൽ ശാരീരികമായി വരുന്ന മാറ്റങ്ങളിൽ പ്രധാനം നെഞ്ചിടിപ്പിലെ വർധന, ഉറക്കമില്ലായ്മ, ടെൻഷൻ, പേടി എന്നിവയാണ്. പഠനത്തിൽ ഇവർ പിന്നോട്ടുപോകും. പീഡനത്തിന് ഇരയാകുന്ന പല കുട്ടികളും മാതാപിതാക്കൾ മരിച്ചിട്ടു ബന്ധുക്കളൊക്കെ ഏറ്റെടുത്തു നോക്കുന്നവരാകും. ഇവർക്കുനേരെ ലൈംഗിക പീഡനം മാത്രമല്ല, എപ്പോഴും കുറ്റപ്പെടുത്തലും മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കലുമൊക്കെ ഉണ്ടാകാറുണ്ട്. പലപ്പോഴും ഈ കുട്ടികൾക്കു മറ്റുള്ളവരെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഇനിയും പീഡിപ്പിക്കപ്പെടുമോ എന്ന പേടിയായിരിക്കാം അതിനു പിന്നിൽ. മാത്രമല്ല, പലപ്പോഴും ഇത്തരം കാര്യങ്ങളുടെ ഓർമ വർഷങ്ങളോളം അവരെ വേട്ടയാടാറുണ്ട്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) എന്നാണ് ഇതിനെ പറയുന്നത്. ഇതുമൂലം ഇവർക്ക് ഒന്നിലും ശ്രദ്ധിക്കാനാകില്ല. സ്കൂളിൽ പോകാൻ മടികാണിക്കും. പലപ്പോഴും വീട്ടുകാർ ഇതു തിരിച്ചറിയണമെന്നില്ല.

ആരെ വേട്ടയാടണമെന്ന് വേട്ടക്കാർക്ക് അറിയാം. ഉപദ്രവിക്കാൻ വരുന്നവരോടു ‘നോ’ പറയാൻ പലപ്പോഴും വേട്ടയാടപ്പെടുന്നവർക്കു കഴിയുന്നില്ല. ഇതു കൃത്യമായി തിരിച്ചറിയാൻ വേട്ടക്കാർക്കു കഴിയും. അങ്ങനെയുള്ളവർ ആ സാഹചര്യം ചൂഷണം ചെയ്യും. കഞ്ചാവ് വലിക്കുന്നയാൾക്ക് എവിടെനിന്നു കഞ്ചാവ് കിട്ടുമെന്ന് സാധാരണക്കാരെക്കാൾ വളരെ പെട്ടെന്ന് അറിയാനാകും. സമാന സാഹചര്യമാണ് ഇവിടെയും.

അച്ഛൻ മകളെ പീഡിപ്പിച്ചു എന്നു വാർത്ത വരുന്ന പല സംഭവങ്ങളും ശരിയല്ല. സ്കൂളുകളിൽ പലപ്പോഴും കൗൺസിലിങ്ങിനായി പോകുന്നവരിൽ പലരും കാര്യമായ എക്സ്പീരിയൻസ് ഉള്ളവരായിരിക്കില്ല. ഇവർ കുട്ടികളുമായി സംസാരിക്കുമ്പോൾ പലപ്പോഴും അങ്ങോട്ടു കേറി അവിടെപ്പിടിച്ചോ ഇവിടെപ്പിടിച്ചോ എന്നൊക്കെ ചോദിക്കാറുണ്ട്. അറ്റൻഷൻ സീക്കിങ് ഹൈപ്പർ ആക്ടീവ് ഡിസോർഡർ ഉള്ള ചില കുട്ടികൾ അത് അംഗീകരിക്കാറുണ്ട്. അതു തിരിച്ചറിയാതെ പോകുന്ന കൗൺസിലർമാർ പലപ്പോഴും ഇക്കാര്യം റിപ്പോർട്ട് ചെയ്യും. കുറ്റം ചെയ്യാത്ത മാതാപിതാക്കൾ അവസാനം അതിൽ കുടുങ്ങുന്ന അവസ്ഥയാണ് ഇവിടെ സംഭവിക്കുക.

സാധാരണ മനോനിലയുള്ള അച്ഛന്മാരും അപ്പൂപ്പന്‍മാരും കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ അങ്ങനെ ഉണ്ടാകാറില്ല. മനോനില ശരിയല്ലാത്ത, ആന്റി സോഷ്യൽ ആയിട്ടുള്ളവരാണു പലപ്പോഴും സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത്. വ്യക്തിത്വവൈകല്യമുള്ള ഇവർക്ക് ഇന്നയാളെന്നില്ല, വെറുമൊരു ഉപഭോഗവസ്തുവായി മാത്രമേ കുട്ടികളെ പോലും കാണാനാകൂ. ഇതു തന്റെ കുട്ടിയല്ല, മറ്റൊരാളുടേതാണ് തുടങ്ങിയ കാരണങ്ങൾ മുൻനിർത്തി, ആ വാശി കുട്ടിയുടെ അടുത്തു ചിലർ കാണിക്കാറുണ്ട്. മാനസികരോഗം മൂലവും മദ്യത്തിന്റെയും മയക്കുമരുന്നിന്‍റെയും പ്രേരണയിൽപ്പെട്ടും കുട്ടിയെ പീഡിപ്പിക്കുന്നവരുണ്ട്.

ലൈംഗിക മനസ്സിലെ ആരോഗ്യം പ്രധാനം: ഡോ. സാനി വർഗീസ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)

പിഞ്ചു കുഞ്ഞിനെയും വയോധികയെയും മാനഭംഗപ്പെടുത്തുന്നതു വെറുമൊരു മാനസിക വൈകല്യമാണോ അതോ ക്രൈം ആണോ എന്നതു നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കും. എല്ലാവർക്കുമൊരു ലൈംഗിക മനസ്സ് ഉണ്ട്. ആ മനസ്സ് ആരോഗ്യപരമാണോ കുറ്റവാസനയുള്ളതാണോ എന്നതാണു ചോദ്യം. ഇത്തരം ആൾക്കാരുടെ ലൈംഗിക മനസ്സ് എന്നതു ക്രിമിനൽ മൈൻഡ് കൂടിച്ചേർന്നതാണ്. അവർ നേരിട്ട അനുഭവങ്ങളിൽനിന്നും മറ്റും പഠിച്ചെടുത്തതാവാം ഈ ക്രിമിനൽ മൈൻഡ്. ലൈംഗികവൃത്തിയിലേക്കും മറ്റും തിരിഞ്ഞ മാതാപിതാക്കളുള്ള കുട്ടികൾ, പലപ്പോഴും ചെയ്യുന്നതു തെറ്റാണെന്ന് തിരിച്ചറിയുന്നുണ്ടാകില്ല. ചെറുപ്പകാലത്ത് അറിഞ്ഞോ അറിയാതെയോ പീഡനങ്ങൾക്ക് ഇരയാക്കപ്പെടുകയും അതിനു കൂട്ടുനിൽക്കുകയും പീഡിപ്പിക്കുകയും ചെയ്തെങ്കിലും ഒരിക്കൽ പിടിക്കപ്പെടുമ്പോൾ മാത്രമാണ് ഇത്രയും നാൾ ചെയ്തതു കുറ്റമാണെന്ന് അവർ മനസ്സിലാക്കുക.

സ്റ്റേറ്റസ് ഒഫൻസ് – കുട്ടികൾ ചെയ്യുമ്പോൾ അതു തെറ്റാവുകയും മുതിർന്നവർ ചെയ്യുമ്പോൾ അതു തെറ്റല്ലാതെയാവുകയും ചെയ്യുന്നതിനെ വിളിക്കുന്നത് സ്റ്റേറ്റസ് ഒഫൻസ്. ഇങ്ങനെയൊരു സാഹചര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. പീഡിപ്പിക്കപ്പെട്ടയാൾ ജീവിതകാലം മുഴുവൻ ഇരയാണ്. ഇത് ഇവരെ വളരെയധികം ബാധിക്കും. ചെറുപ്രായത്തിൽ പീഡിപ്പിക്കപ്പെട്ടാൽ അവർ അതിന്റെ ദുരിതം ദീർഘകാലം അനുഭവിക്കേണ്ടി വരും. ലൈംഗിക ബന്ധം എന്താണെന്നുപോലും ഈ കുട്ടികൾക്ക് അറിവുണ്ടാകില്ലെന്നും സാനി വർഗീസ് പറയുന്നു.

അകലുന്ന കുടുംബബന്ധങ്ങളാണ് പലപ്പോഴും പീഡനങ്ങൾ പുറത്തറിയാതെ പോകുന്നതിനും വീട്ടകങ്ങളിലെ പീഡനങ്ങൾക്കും പിന്നിൽ. മാതാപിതാക്കൾക്കൊപ്പം മുത്തച്ഛനും മുത്തശ്ശിയും കൈകോർത്തുപിടിക്കുന്ന കുടുംബബന്ധങ്ങൾ ഇന്ന് നാടിന് അന്യമാകുകയാണ്. അണുകുടുംബങ്ങളുടെ അനിവാര്യതയിലും കുടുംബബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താനായില്ലെങ്കിൽ നാട് എന്നും കേട്ടുണരുക പീഡനപർവങ്ങൾ തന്നെയാകും. വീടുകളിലെ, ഒപ്പം സൗഹൃദങ്ങളിലെ ആരോഗ്യകരമായ മനസ്സടുപ്പങ്ങൾ വീണ്ടെടുത്താൽ മാത്രമേ ഭാവി തലമുറയെങ്കിലും പീഡനങ്ങളിൽ നിന്ന് അകന്നുനിൽക്കൂ.

(അവസാനിച്ചു)