പതിനഞ്ചുകാരിയുടെ കൊലപാതകം പ്രണയാഭ്യർഥന നിരസിച്ചതിനല്ലെന്നു പൊലീസ്

സമീന കാത്തൂർ, സാദത്ത് ഹുസൈന്‍

മലപ്പുറം ∙ തിരൂർ മുത്തൂർ വിഷുപ്പാടത്തു പതിനഞ്ചുകാരി കുത്തേറ്റു മരിച്ചതു പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയെന്നു പൊലീസ്. ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി സാദത്ത് ഹുസൈന്‍, പെൺകുട്ടിയുടെ പിതാവ് നൽകാനുള്ള പണം ചോദിച്ചതാണു തർക്കത്തിനിടയാക്കിയത്. കൊലപാതകം നടന്ന വീട്ടിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. കൊല നടത്തിയ സമയത്തു ധരിച്ച വസ്ത്രങ്ങളും കുത്താനുപയോഗിച്ച കത്തിയും വീട്ടിൽനിന്നു കണ്ടെത്തി.

പെൺകുട്ടിയുടെ അച്ഛനൊപ്പം ജോലി ചെയ്തിരുന്ന ആളാണു കൊൽക്കത്ത സ്വദേശിയായ ഹുസൈൻ. നാലു വർഷത്തെ കൂലി പെൺകുട്ടിയുടെ പിതാവ് നൽകാനുണ്ടായിരുന്നു എന്നു ഹുസൈൻ മൊഴി നൽകി. വെള്ളിയാഴ്ചയാണു ബംഗാൾ സ്വദേശിനി സമീന കാത്തൂരിനെ ഹുസൈൻ കത്തി ഉപയോഗിച്ചു കുത്തിക്കൊന്നത്. തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽവച്ചാണു പെൺകുട്ടിക്കു കുത്തേറ്റത്. പ്രണയാഭ്യർഥന നിരസിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നാട്ടുകാരിൽനിന്നു പൊലീസിനു ലഭിച്ച ആദ്യവിവരം.