കണ്ണുംകെട്ടി നോക്കി നിൽക്കാനാവില്ല; ഇര കൂറുമാറിയാലും നടപടിയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി∙ മാനഭംഗ കേസുകളിൽ ഇര കൂറുമാറിയാൽ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി. പ്രതിയെ രക്ഷിക്കാൻ മൊഴി മാറ്റിയാൽ ഇരയ്ക്കെതിരെ കൂറുമാറിയതിനു കേസെടുത്തു വിചാരണ ചെയ്യാമെന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മാനഭംഗ കേസിലെ പരാതിക്കാരി മൊഴി മാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണു കോടതി നടപടി.

മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ തെളിവുകൾ കണക്കിലെടുത്തു പ്രതികൾക്കു അർഹമായ ശിക്ഷ വിധിക്കണം. മൊഴിമാറ്റി നിയമനടപടികളെ അട്ടിമറിക്കുന്നത് കോടതിയ്ക്ക് കണ്ണും കെട്ടി നോക്കി നിൽക്കാനാവില്ല. സത്യം പുറത്തുകൊണ്ടുവരാൻ എല്ല പരിശ്രമങ്ങളും വേണമെന്നും ബെഞ്ച് പറഞ്ഞു. എന്നാൽ ഈ കേസിൽ പരാതിക്കാരിക്കെതിരെ നടപടി എടുക്കുന്നില്ലെന്നും കോടതി വ്യക്‌തമാക്കി.