മകന്റെ മരണം ഒതുക്കിതീർക്കാൻ ശ്രമിക്കുന്നു; പിതാവും കുടുംബവും മതം മാറി

അഹമ്മദാബാദ്∙ മകന്റെ കൊലപാതകം പൊലീസ് ആത്മഹത്യയായി ചിത്രീകരിക്കുന്നതിൽ മനംനൊന്ത് പിതാവും 12 അംഗ കുടുംബവും മതംമാറി. ഗുജറാത്തിലെ ബഡാർക്ക സ്വദേശി അക്തറാണ് ഹിന്ദു മതത്തിലേക്കു പരിവർത്തനം ചെയ്തത്. മകന്റെ മരണം ഇനിയെങ്കിലും ശരിയായ രീതിയിൽ അന്വേഷിക്കാനാണു താൻ മതം മാറിയതെന്ന് അക്തർ പറഞ്ഞു. അക്തറും കുടുംബവും സ്വമേധയ മതം മാറിയതായി അറിയിച്ചു കൊണ്ടു സത്യവാങ്മൂലം നല്‍കിയതായി ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു.

മാസങ്ങൾക്കു മുൻപാണ് അക്തറിന്റെ മകൻ ഗുൽഹസൻ ദൂരൂഹസാഹചര്യത്തിൽ മരിച്ചത്. എന്നാൽ അന്വേഷണ സംഘം കേസ് ആത്മഹത്യയിൽ ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായാണ് ബന്ധുക്കളുടെ ആരോപണം.

സ്വന്തം സമുദായത്തിൽനിന്നു സഹായം ലഭിക്കാത്തതാണു മതംമാറാൻ അക്തറിനെ പ്രേരിപ്പിച്ചതെന്നു യുവ ഹിന്ദു വാഹിനി (ഭാരത്) സംസ്ഥാന അധ്യക്ഷൻ ഷൗകേന്ദ്ര കോഖർ പറഞ്ഞു. പൂർണ്ണ ആചാര–അനുഷ്ഠാനങ്ങളോടെയായിരുന്നു ഇവരുടെ പരിവർത്തന ചടങ്ങെന്നും എല്ലാവരും പുതിയ പേരുകൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.