ലൈംഗിക കച്ചവടം ചെറുക്കാൻ ശക്തമായ നടപടി സ്വീകരിക്കും: ഫെയ്സ്ബുക്

ന്യൂയോർക്ക്∙ മനുഷ്യക്കടത്തും ലൈംഗിക കച്ചവടവും തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനവുമായി ഫെയ്സ്ബുക്. സമൂഹമാധ്യമങ്ങൾ വഴിയുള്ള ഇത്തരം നീക്കങ്ങൾ തടയുന്നതിനു ഫെയ്സ്ബുക് യാതൊരു നടപടികളും നടത്തുന്നില്ലെന്ന പരാതിയിൽ നൽകിയ വിശദീകരണത്തിലാണു പ്രഖ്യാപനം.

സംശയകരമായ പോസ്റ്റുകളും അക്കൗണ്ടുകളും റിപ്പോർട്ട് ചെയ്യുന്നതിനു ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും ഫെയ്സ്ബുക് വക്താവ് പ്രസ്താവനയിൽ അറിയിച്ചു. നിരവധി മനുഷ്യക്കടത്ത് വിരുദ്ധ സംഘടനകളുമായും സാങ്കേതിക കമ്പനികളുമായും ചേർന്ന് കുട്ടികൾക്കെതിരെയുള്ള ചൂഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

2012 ൽ അമേരിക്കയിലെ ടെക്സസിൽ പതിനഞ്ചുകാരിയെ ഫെയ്സ്ബുക് സുഹൃത്ത് ലൈംഗിക കച്ചവടത്തിന് ഇരയാക്കിയതിനു പിന്നാലെയാണ് ഇത്തരം വിഷയങ്ങളിൽ ഫെയ്സ്ബുക്കിന്റെ സുരക്ഷതത്വത്തെ പറ്റി ചോദ്യങ്ങൾ ഉയർന്നത്. ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങൾ സ്ഥരീകരിക്കുന്നതിൽ ഫെയ്സ്ബുക് പരാജയമാണെന്ന് ഇരയായ പെൺകുട്ടി പരാതി നൽകിയിരുന്നു.

തന്റെ സുഹൃത്തിന്റെ പരിചയക്കാരൻ എന്ന നിലയിൽ ചാറ്റ് ചെയ്ത വ്യക്തി പിന്നീടു പീഡനത്തിനിരയാക്കുകയും ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തെന്നാണു പരാതി. ഈ കേസിൽ നടപടികൾ പുരോഗമിക്കവെയാണു ഫെയ്സ്ബുക്കിന്റെ പുതിയ പ്രഖ്യാപനം.