മുനമ്പം മനുഷ്യക്കടത്ത്: രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടി പൊലീസ്

Munambam-Human-Trafficking
SHARE

തിരുവനന്തപുരം ∙ കൊച്ചിയിലെ മുനമ്പത്തുനിന്ന് ഇരുന്നൂറോളംപേര്‍ ബോട്ടില്‍ വിദേശത്തേക്കു പോയതായി സംശയിക്കുന്ന സംഭവത്തില്‍ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടി കേരള പൊലീസ്. ദേശീയ അന്വേഷണ ഏജന്‍സികളോടും കേന്ദ്ര സര്‍ക്കാരിനോടും ഇക്കാര്യം ആവശ്യപ്പെട്ടു.

കൂടെയുള്ളവര്‍ ന്യൂസിലന്‍ഡിലേക്കു പോയതായാണ് സംഘത്തിലുണ്ടായിരുന്ന ചിലര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിദേശ ബന്ധങ്ങളുള്ള കേസായതിനാല്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിനു പരിമിതിയുണ്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ സംസ്ഥാന പൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറി. കേന്ദ്ര ഏജന്‍സികള്‍ മുനമ്പം കേസ് അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. ഇതോടൊപ്പം നയതന്ത്ര ഇടപെടലുകളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 

നയതന്ത്ര ഇടപെടലുകള്‍ ആവശ്യമായ കേസ് ആയതിനാല്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയോ എന്ന ചോദ്യത്തിനു മറുപടി പറയാനാകില്ലെന്നു ഡിജിപിയുടെ ഓഫിസ് അറിയിച്ചു. മനുഷ്യക്കടത്തിന്റെ പേരില്‍ കേരളത്തില്‍ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്യുന്നത് 2010 മേയ് മാസത്തിലാണ്. അന്ന് കൊല്ലം നഗരത്തിലെ ഹോട്ടലില്‍നിന്ന് 38 തമിഴ്നാട് സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2011, 2012 വര്‍ഷങ്ങളില്‍ കൊല്ലത്തുനിന്ന്് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശികള്‍ അറസ്റ്റിലായിരുന്നു. ഈ കേസുകളും ദേശീയ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. 

മനുഷ്യക്കടത്തു സംശയിക്കുന്ന സംഭവത്തില്‍ മുഖ്യപ്രതിയെന്നു കരുതുന്ന തമിഴ്നാട് സ്വദേശി ശ്രീകാന്തന്‍ തിരുവനന്തപുരം നഗരത്തിലെ തുണിക്കടയില്‍നിന്ന് 11,000 രൂപയുടെ തുണികള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ പൊലീസ് കണ്ടെടുത്തു. ഇയാള്‍ മറ്റുള്ള രാജ്യങ്ങളിലുള്ളവരുമായി പണമിടപാട് നടത്തിയിരുന്നതായും വിവരം ലഭിച്ചു. ശ്രീകാന്തന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത രണ്ട് സിസിടിവി ക്യാമറകളുടെ പരിശോധന പൊലീസ് ആരംഭിച്ചു. വിഡിയോയില്‍ കണ്ട ചില വാഹനങ്ങളുടെ നമ്പരുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.

കൊച്ചി സ്വദേശി ജിബിന്‍ ആന്റണിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോട്ട് 1.2 കോടി രൂപ നല്‍കിയാണ് അനില്‍കുമാറും ശ്രീകാന്തനും വാങ്ങിയത്. മത്സ്യബന്ധനത്തിനെന്ന പേരില്‍ അനില്‍കുമാറിന്റെ പേരില്‍ ബോട്ട് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ ബോട്ടിലാണു സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം വിദേശത്തേക്കു പോയതെന്നാണു കരുതുന്നത്. അനില്‍കുമാര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ശ്രീകാന്തന് രാജ്യാന്തര മനുഷ്യക്കടത്തു സംഘവുമായി അടുത്ത ബന്ധമുണ്ടെന്നു പൊലീസ് പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA