റഷ്യയുമായി 5 ബില്യൻ ഡോളറിന്റെ പ്രതിരോധ കരാ‍ർ‌; ഇന്ത്യയ്ക്കു ഉപരോധ ഭീഷണിയുമായി യുഎസ്

ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദി, വ്‌ളാദിമിർ പുടിൻ.

വാഷിങ്ടൻ/ന്യൂഡൽഹി∙ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ്–400 ട്രയംഫ് ഉൾപ്പെടെ റഷ്യയുമായി വൻ പ്രതിരോധ ഇടപാടിനൊരുങ്ങുന്ന ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി യുഎസ്. തങ്ങളുമായി സഖ്യമുള്ള രാജ്യങ്ങൾ റഷ്യയുമായി ഇടപാടുകൾ നടത്തരുതെന്നു ബുധനാഴ്ചയാണു യുഎസ് മുന്നറിയിപ്പു നൽകിയത്.

വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുന്ന ഈ ദിവസങ്ങളിൽ കരാർ ഒപ്പിടാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് യുഎസ് നിലപാട് കടുപ്പിച്ചത്. ‘യുഎസിന്റെ എല്ലാ സഖ്യരാജ്യങ്ങളുടെയും പങ്കാളികളുടെയും അറിവിലേക്കായി പറയുകയാണ്. റഷ്യയുമായി യാതൊരു ഇടപാടും നടത്തരുത്. അങ്ങനെയുണ്ടായാൽ കാറ്റ്സാ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാക്‌ഷൻസ് ആക്ട്) നിയമപ്രകാരമുള്ള ഉപരോധം ഏർപ്പെടുത്തേണ്ടി വരും’– സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു.

മുഖ്യമായും റഷ്യയെ ലക്ഷ്യമിട്ടു കഴിഞ്ഞ ഓഗസ്റ്റിലാണു കാറ്റ്സ നിയമം യുഎസ് കൊണ്ടുവന്നത്. റഷ്യയിൽനിന്നു യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധവും വാങ്ങിയതിനു ചൈനയ്ക്കെതിരെ അടുത്തിടെ ഇതനുസരിച്ച് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ‘പ്രസിഡന്റ് ഡോണൾഡ് ട്രംപ് നല്ല ബന്ധമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്നുവരേക്കും ഞങ്ങളതിൽ വിജയിച്ചിട്ടില്ല’– റഷ്യയെ ഉദ്ദേശിച്ചു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക് പോംപെയോ പറഞ്ഞു.

യുഎസിന്റെ ‘ഭീഷണി’ മറികടന്നു റഷ്യയുമായി ആയുധ ഇടപാട് നടത്താനാണുള്ള അന്തിമ നടപടികളിലാണ് ഇന്ത്യയെന്നാണു വിവരം. പുടിന്റെ സന്ദർശനത്തിൽ കരാർ ഒപ്പിടുമെന്നു ക്രെംലിനും അറിയിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ആകാശക്കരുത്തായ എസ്–400 മിസൈൽ 10 എണ്ണം വാങ്ങാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. അഞ്ച് ബില്യൻ ഡോളറിന്റെ (ഏകദേശം 36,882 കോടി രൂപ) ഇടപാടാണിത്. നാലു യുദ്ധക്കപ്പൽ വാങ്ങാനുള്ള കരാറിലും ഇന്ത്യ ഒപ്പിട്ടേക്കും.

റഷ്യയുമായുള്ള ഇടപാടിന്റെ പേരിൽ ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്നു മോസ്കോ കേന്ദ്രമായ അനാലിസിസ് ഓഫ് വേൾഡ് ആംസ് ട്രേഡ് തലവൻ ഐഗർ കൊറോത്ചെങ്കോ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ യുഎസിന്റെ ആയുധങ്ങൾ വേണ്ടെന്നു പറയാൻ സാധ്യതയില്ലാത്തതിനാൽ, റഷ്യൻ കരാറിനെച്ചൊല്ലി ഇന്ത്യയ്ക്കുമേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2007 മുതൽ റഷ്യൻ സേനയുടെ ഭാഗമാണ് എസ്–400 ട്രയംഫ്. ആക്രമണങ്ങളെ തടയാനും പ്രത്യാക്രമണത്തിനും ഉപയോഗിക്കാം. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും തകർക്കാനുള്ള കരുത്ത്. മൂന്നുതരം മിസൈലുകൾ കൈകാര്യം ചെയ്യാം. 600 കിലോമീറ്റര്‍ പരിധിയിലുള്ള 300 ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയും. 400 കിലോമീറ്റര്‍ പരിധിയിലുള്ള മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കും. ശബ്ദത്തേക്കാൾ എട്ടിരട്ടി വേഗവുമുണ്ട് ഈ ആകാശക്കരുത്തിന്.