ഇന്ത്യയുടെ ആകാശക്കരുത്തിനു മൂർച്ച കൂട്ടുന്ന കരാർ; കരുതലോടെ പ്രതികരിച്ച് യുഎസ്

വ്ളാഡിമിർ പുടിനും നരേന്ദ്ര മോദിയും

ന്യൂഡൽഹി∙ റഷ്യയിൽനിന്ന് എസ് 400 ട്രയംഫ്  വാങ്ങാൻ ധാരണയായതോടെ, ലോകത്തിലെ ഏറ്റവും കരുത്തുറ്റ മിസൈൽ പ്രതിരോധ കവചം ഇനി ഇന്ത്യയ്ക്കു സ്വന്തം. 2014ൽ റഷ്യയിൽ നിന്ന്  എസ് 400 മിസൈലുകൾ ആറെണ്ണം വാങ്ങി ചൈന ഉയർത്തിയ വെല്ലുവിളിക്കുള്ള മറുപടി കൂടിയാണ് അഞ്ചു യൂണിറ്റുകൾ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ നീക്കം.  ആദ്യ മിസൈൽ യൂണിറ്റ് രണ്ടു വർഷത്തികം ഇന്ത്യയിലെത്തും. 

കരുതലോടെ യുഎസ്

റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ഇടപാടിൽ യുഎസ് കരുതലോടെയാണു പ്രതികരിച്ചത്. തങ്ങളുടെ സഖ്യ രാഷ്ട്രങ്ങളുടെ പ്രതിരോധക്കരുത്ത് നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല ഉപരോധം. റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നിവയുമായി കരാറുകളിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്കെതിരായ ഉപരോധം, ഇടപാടുകൾ അടിസ്ഥാനമാക്കിയാണു ചുമത്തുന്നത്. കർശന വ്യവസ്ഥകളോടെ ഇളവുകൾ അനുവദിക്കാറുണ്ട് – യുഎസ് വ്യക്തമാക്കി.

യുഎസ് എതിർപ്പ് എന്തുകൊണ്ട്?

1. ലോകത്തിലെ വലിയ ആയുധ വിപണികളിലൊന്നായ ഇന്ത്യയുമായുള്ള കച്ചവടം യുഎസിനു നഷ്ടമായി. 

2. എസ് 400 മിസൈൽ പ്രതിരോധ സംവിധാനം വരുന്നതോടെ പാക്കിസ്ഥാനു മേൽ ഇന്ത്യ അപ്രമാദിത്യം നേടുന്നത് യുഎസ് താൽപര്യപ്പെടുന്നില്ല. 

3. ദക്ഷിണേഷ്യയിൽ ഇന്ത്യ അജയ്യരാകാനുള്ള ചുവടുവയ്പായി ഇതു മാറും. 

4. അമേരിക്കയുടെ കരുത്തുള്ള പോർവിമാനങ്ങളായ എഫ്–16, എഫ്–35 എന്നിവയടക്കമുള്ളവയെ നേരിടാൻ ഇന്ത്യക്കു സാധിക്കും.

സിറിയയിൽ സംഭവിച്ചത്

2015 നവംബറിൽ സിറിയയ്ക്കു മുകളിൽ വച്ച് റഷ്യയുടെ സുഖോയ് പോർവിമാനം തുർക്കി വെടിവച്ചിട്ടു. ദിവസങ്ങൾക്കകം എസ് 400 മിസൈൽ പ്രതിരോധ സംവിധാനം സിറിയയിൽ റഷ്യ സ്ഥാപിച്ചു. യുഎസ് നേതൃത്വത്തിലുള്ള സൈനികനടപടിയുടെ തന്ത്രങ്ങൾ അപ്പാടെ പാളി.