Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ ആകാശത്തിനു കൂട്ട് റഷ്യൻ കരുത്ത്

Modi-Putin ഒന്നുചേർന്ന്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ന്യൂഡൽഹി∙ മോസ്കോ, ബെയ്ജിങ് നഗരങ്ങൾക്കു പ്രതിരോധ കവചമൊരുക്കുന്ന, ലോകത്തെ ഏറ്റവും കരുത്തുറ്റ വ്യോമ പ്രതിരോധ മിസൈൽ സംവിധാനമായ ‘എസ് 400 ട്രയംഫ്’ റഷ്യയിൽ നിന്നു വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണ. 

പ്രതിരോധ സഹകരണത്തിനു കൈകൊടുത്തും  ഭീകരതയ്ക്കെതിരെ പൊരുതാൻ പ്രതിജ്ഞ ചെയ്തും ഇന്നലെ നടന്ന ഇന്ത്യ–റഷ്യ ഉച്ചകോടിയിലാണു തീരുമാനം. 

യുഎസ് ഉപരോധഭീഷണി വകവയ്ക്കാതെ നടത്തുന്ന മിസൈൽ ഇടപാടിനെക്കുറിച്ച് ഇരുവരും പ്രസംഗത്തിൽ മൗനം പാലിച്ചെങ്കിലും സംയുക്ത പ്രസ്താവനയിൽ കരാർ സംബന്ധിച്ച ധാരണ ഉൾപ്പെടുത്തി.  

തങ്ങളുടെ എതിരാളികളുമായി പ്രതിരോധകരാറിൽ ഏർപ്പെടുന്നവർക്കെതിരെ ഉപരോധം ചുമത്തുമെന്ന ചട്ടം കഴിഞ്ഞ ജനുവരിയിലാണു യുഎസ് പ്രഖ്യാപിച്ചത്. മിസൈൽ വാങ്ങുന്നതു സംബന്ധിച്ച ചർച്ച 2016ൽ ആരംഭിച്ചതാണെന്നും ദീർഘകാല പ്രതിരോധ പങ്കാളിയായ റഷ്യയെ പിണക്കാനാവില്ലെന്നും ഉറച്ച നിലപാടെടുത്താണ് യുഎസ് ഭീഷണിയെ ഇന്ത്യ മറികടന്നത്. 

ഒപ്പിട്ട കരാറുകൾ

∙ റഷ്യൻ സഹകരണത്തോടെ ഇന്ത്യയിൽ 6 ആണവോർജ പദ്ധതികൾ.

∙ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു റഷ്യയുടെ പിന്തുണ. 

∙  2019–2023 കാലയളവിൽ ഇരു രാജ്യങ്ങളിലെയും വിദേശ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണം, വിവിധ വിഷയങ്ങളിലുള്ള ആശയവിനിമയം.

∙  നിതി ആയോഗ്, റഷ്യൻ ധനകാര്യ വികസന മന്ത്രാലയം എന്നിവ തമ്മിലുള്ള ചർച്ച ഈ വർഷം അവസാനം റഷ്യയിൽ. 

∙ റെയിൽ, റോഡ്  അടിസ്ഥാന സൗകര്യ വികസനത്തിന് ദേശീയ റെയിൽ ഗതാഗത ഇൻസ്റ്റിറ്റ്യൂട്ടും (വഡോദര) റഷ്യൻ ഗതാഗത സർവകലാശാലയും തമ്മിൽ സഹകരണം. 

∙ റഷ്യയിൽ നിന്നു വളം ഇറക്കുമതി. 

∙ ഉദ്യോഗസ്ഥരുടെ പരിശീലനത്തിനു റഷ്യൻ ഗതാഗത മന്ത്രാലയത്തിന്റെ സാങ്കേതികസഹായം. 

∙ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളർച്ചയ്ക്കു പരസ്പര സഹായം.