കട്ടമുതല്‍ തിരിച്ചു കൊടുത്താല്‍ കളവ് ഇല്ലാതാകുമോ: ചെന്നിത്തല

തിരുവനന്തപുരം∙ കട്ടമുതല്‍ തിരിച്ചു കൊടുത്താല്‍ കളവ് കളവല്ലാതാകുമോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ച നടപടിയുമായി മുന്നോട്ടു പോയാല്‍ കടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നതിനാലാണ് അനുമതി പിന്‍വലിച്ചത്. ഈ വിഷയത്തില്‍ യുഡിഎഫ് പ്രക്ഷോഭവും നിയമ നടപടികളും തുടരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

എക്സൈസ് അഡീ. ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും തടസവാദം എഴുതിവിട്ട ഫയലില്‍ എക്സൈസ് മന്ത്രി അനുമതി നല്‍കാന്‍ ഉത്തരവിട്ടു. അതു മുഖ്യമന്ത്രി ശരിവച്ചു. ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടേയും അപേക്ഷ എക്സൈസ് മന്ത്രിയുടെ ഓഫിസില്‍ എട്ടു മാസം കിടന്നു. അത് ഇടപാട് ഉറപ്പിക്കാനായിരുന്നു. പറഞ്ഞ ആരോപണങ്ങളില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്നു. എക്സൈസ് മന്ത്രി പറയുന്നത് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും തത്വത്തില്‍ അംഗീകാരം നല്‍കിയെന്നാണ്. 1965ലെ എക്സൈസ് നിയമത്തിലും 1967ലെ ബ്രൂവറി നിയമത്തിലും തത്വത്തില്‍ അംഗീകാരം എന്നതിനെക്കുറിച്ചു പറഞ്ഞിട്ടില്ല. കമ്പനികള്‍ക്കു മദ്യ ഉല്‍പ്പാദനത്തിനുള്ള ലൈസന്‍സ് നല്‍കുകയാണ് എല്‍‌ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉത്തരവാദത്തോടെയാണു സര്‍ക്കാരിനു മുന്നില്‍ ബ്രൂവറി വിഷയം അവതരിപ്പിച്ചത്. വ്യക്തമായ അഴിമതിയും ചട്ടലംഘനവുമാണു നടന്നത്. കമ്പനികളില്‍നിന്നു രഹസ്യമായി വെള്ളകടലാസില്‍ അപേക്ഷ വാങ്ങി. കമ്പനി തുടങ്ങുന്ന ഏരിയയോ സര്‍വേ നമ്പരോ അപേക്ഷയില്‍ ഇല്ല. കേരളത്തില്‍ മൈക്രോ ബ്രൂവറി തുടങ്ങാന്‍ എക്സസൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിനെ സര്‍ക്കാര്‍ ബെംഗളൂരുവില്‍ വിട്ടു. ബിയര്‍ പബ്ബ് തുടങ്ങാന്‍ ആലോചിച്ചു. ഋഷിരാജ് സിങ് നല്‍കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണോയെന്നും ചെന്നിത്തല ചോദിച്ചു.