മെങ്ങിന്റെ അറസ്റ്റു സ്ഥിരീകരിച്ച് ചൈന; ജീവൻ ആപത്തിലെന്ന് ഭാര്യ

മെങ് ഹോങ്‌വെ (ഫയൽ ചിത്രം)

ബെയ്ജിങ്∙ കാണാതായ ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ്‌വെയെ അറസ്റ്റു ചെയ്തെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ചൈന. രാജ്യത്തെ അഴിമതി വിരുദ്ധവിഭാഗത്തിന്റെ തടവിലാണു മെങ്ങെന്നും ചൈന അറിയിച്ചു. നിയമം തെറ്റിച്ചതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും അവർ വ്യക്തമാക്കി. സെപ്റ്റംബർ 29നാണു മെങ് ചൈനയിലേക്കു പോയത്. ഇതിനിടെ, മെങ്ങിന്റെ രാജിക്കത്ത് ഞായറാഴ്ച ഇന്റർപോളിനു ലഭിച്ചു.

അതേസമയം, മെങ്ങിന്റെ ജീവന്‍ അപകടത്തിലാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗ്രേസ് ആശങ്ക പ്രകടിപ്പിച്ചു. അപ്രത്യക്ഷമാകുന്നതിനു മുൻപ് മെങ് അവസാനം അയച്ച സന്ദേശത്തിൽ കത്തിയുടെ ഇമോജിയാണുള്ളതെന്ന് അവർ വ്യക്തമാക്കി. ഇമോജി അയയ്ക്കുന്നതിനു മുൻപ്, തന്റെ ഫോണ്‍ കോളിനായി കാത്തിരിക്കണമെന്നു മെങ് ഗ്രേസിനെ അറിയിച്ചിരുന്നു. എന്നാൽ അതിനുപിന്നാലെ കത്തിയുടെ ഇമോജിയുമെത്തി. എന്താണ് അദ്ദേഹത്തിനു സംഭവിച്ചതെന്നു തനിക്കറിയില്ലെന്നും ഗ്രേസ് പറയുന്നു.

ഗ്രേസിന്റെ ഫോണിലേക്ക് മെങ് അയച്ച അവസാന സന്ദേശം അവര്‍ മാധ്യമങ്ങളെ കാണിക്കുന്നു

ചൈനീസ് സംഘം ഇന്റർപോളിലേക്ക്

ചൈനയിൽ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന നാഷനൽ സൂപ്പർവിഷൻ കമ്മിഷൻ ഇന്റർപോൾ ഉദ്യോഗസ്ഥരെ കാണും. ചൈനയിൽ അടുത്തിടെ കാണാതായ രണ്ടാമത്തെ പ്രമുഖനാണു മെങ്. പ്രശസ്ത നടി ഫാൻ ബിങ്ബിങ് ആണ് ഈ കണ്ണിയിലെ ആദ്യ വ്യക്തി. ജൂണിൽ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷയായ ഫാൻ ആദായ നികുതി ഉദ്യോഗസ്ഥരുടെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നതു ദിവസങ്ങൾക്കു മുൻപാണ്. നികുതിവെട്ടിപ്പ് ആരോപിച്ച് 70 ദശലക്ഷം ഡോളർ പിഴയാണ് ആദായനികുതി വകുപ്പ് ഇവർക്കു ചുമത്തിയിട്ടുള്ളത്.

ഇന്‍റർപോൾ ആസ്ഥാനമായ ഫ്രാന്‍സിലെ ലിയോണിൽ കുടുംബസമേതം താമസിക്കുന്ന മെങ് ചൈനയിൽ പൊതുസുരക്ഷാ സഹമന്ത്രി കൂടിയാണ്. ചൈനയിലെത്തിയ ശേഷം മെങ്ങിന്‍റെ ഒരു വിവരവും ലഭ്യമല്ലെന്നു ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണു തിരോധാന വിവരം പുറത്തുവന്നത്. സെപ്റ്റംബർ 29നു ചൈനയിലേക്കു പോയ മെങ് പിന്നീട് ഇതുവരെ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും തിരോധാനത്തിൽ അന്വേഷണം ആരംഭിച്ചെന്നും ഫ്രഞ്ച് പൊലീസ് അറിയിച്ചു. അതിനിടെ, മെങ്ങിന്റെ ഭാര്യയ്ക്കു നേരെ ഒട്ടേറെ ഭീഷണി സന്ദേശങ്ങളും ഫോണിലൂടെ വന്നിരുന്നു. ഈ സാഹചര്യത്തിൽ ഭാര്യയ്ക്കും കുട്ടികൾക്കും സംരക്ഷണം ഏർപ്പെടുത്തിയതായും ഫ്രഞ്ച് ആഭ്യന്തര വകുപ്പ് അറിയിച്ചു.