ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കി; പുതിയവ പരിശോധനകൾക്കുശേഷം മാത്രമെന്ന് മുഖ്യമന്ത്രി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം∙ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച തീരുമാനം റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റദ്ദാക്കിയതുകൊണ്ടു പുതിയ യൂണിറ്റുകള്‍ വേണ്ടെന്ന നയം സര്‍ക്കാരിനില്ല. കേരളത്തില്‍ ഉപയോഗിക്കുന്ന മദ്യത്തിന്റെ എട്ടു ശതമാനവും ബിയറിന്റെ 40 ശതമാനവും പുറത്തുനിന്നാണു വരുന്നത്. അതിനാല്‍ മദ്യ ഉല്‍പ്പാദന യൂണിറ്റുകള്‍ വേണം. സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു നിയമപ്രകാരം സര്‍ക്കാരിന് അപേക്ഷ നല്‍കാം. അതു പരിശോധിച്ചശേഷം തത്വത്തില്‍ അംഗീകാരം നല്‍കും. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനു പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തില്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്നും അതിനാലാണ് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കുന്നതെന്നും ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കും അപേക്ഷ കൊടുക്കാം. നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വകുപ്പിനു വീഴ്ചയുണ്ടായിട്ടില്ല. പുകമറ സൃഷ്ടിക്കാനും ജനത്തിനു തെറ്റിദ്ധാരണ ഉണ്ടാക്കാനുമാണു പ്രതിപക്ഷം ശ്രമിക്കുന്നത്. അതിനാലാണ് അംഗീകാരം റദ്ദാക്കുന്നത്. പുതിയ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ അനുവദിക്കാനുള്ള നടപടികള്‍ തുടരും. പ്രതിപക്ഷ ആരോപണത്തെത്തുടര്‍ന്നല്ല, നാടിനുവേണ്ടിയാണു ബ്രൂവറി വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുമതി നൽകിയ കാര്യത്തിൽ മതിയായ ചർച്ചകളില്ലാതെയാണു തീരുമാനമെടുത്തതെന്നും മുഴുവൻ വസ്തുതകളും പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോടു നിർദേശിച്ചിരുന്നു. ഡിസ്റ്റിലറികൾ വേണ്ടെന്ന 1999ലെ ഉത്തരവിനുശേഷം ഒരു സർക്കാരും ചെയ്യാത്ത നടപടി സ്വീകരിക്കുമ്പോൾ ആവശ്യമായ ആലോചനകൾ ഉണ്ടായില്ലെന്നാണു വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട്. സെക്രട്ടേറിയറ്റ് യോഗത്തിൽ വിമര്‍ശനമുയർന്നതിനു പിന്നാലെയാണ് അനുമതി സംസ്ഥാന സർക്കാർ തന്നെ റദ്ദാക്കിയത്.

സംസ്ഥാനത്ത് പുതിയ മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയുമാണ് അനുവദിച്ചിരുന്നത്. വിഷയം ചർ‌ച്ച ചെയ്യാതിരുന്നതിനാൽ സിപിഐയും അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയിരുന്നു. ബ്രൂവറി വിഷയം സർക്കാരിനെതിരെയുള്ള ആയുധമാക്കി പ്രതിപക്ഷവും ഉയർത്തിക്കൊണ്ടുവന്നു. ഇതോടെയാണു നടപടികളിൽനിന്നു സംസ്ഥാന സര്‍ക്കാർ പിന്‍വാങ്ങിയത്.