കളമശേരിയിൽ എടിഎം കുത്തിപ്പൊളിക്കാൻ ശ്രമം: മോഷ്ടാക്കളുടെ വാഹനം കണ്ടെത്തി

മോഷ്ടാക്കൾ സഞ്ചരിച്ച വാഹനം, മോഷണം നടന്ന എടിഎം

കൊച്ചി∙ മധ്യകേരളത്തിലെ എടിഎം കവർച്ചാ പരമ്പര കൂടുതൽ വിപുലമാകുന്നു. എറണാകുളം കളമശേരിയിൽ എസ്ബിഐ എടിഎം കുത്തിപ്പൊളിക്കാൻ ശ്രമിച്ചതായി കണ്ടെത്തി. എടിഎമ്മിലെ അലാറം മുഴങ്ങിയതിനാല്‍ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇരുമ്പനത്തും കൊരട്ടിയിലും മോഷണം നടത്തിയ സംഘം തന്നെയാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.

അതേസമയം എടിഎം കവർച്ചാ സംഘം സഞ്ചരിച്ച വാഹനം അന്വേഷണ സംഘം കണ്ടെത്തി. ചാലക്കുടി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം കണ്ടെത്തിയത്. കോട്ടയം കോടിമതയിൽനിന്ന് മോഷ്ടിച്ചതാണ് ഈ വാഹനം. പാലിയേക്കര ടോൾ പ്ലാസയിലൂടെ വാഹനം കടന്നുപോയിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 

കൊച്ചി ഇരുമ്പനത്തും തൃശൂർ കൊരട്ടിയിലും മോഷണം നടത്തിയത് ഒരേ സംഘമാണെന്നാണ് പൊലീസ് നിലപാട്. രണ്ടിടത്തും സിസിടിവി ക്യാമറകൾ പെയിന്റടിച്ചു മറച്ചശേഷമാണു മോഷണം നടത്തിയിരിക്കുന്നത്. മോഷണത്തിനുശേഷം എടിഎമ്മുകളുടെ ഷട്ടറുകൾ താഴ്ത്തിയിടുകയും ചെയ്തു. തൃശൂരിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എറണാകുളം ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപയാണ് കവര്‍ന്നത്. കോട്ടയം വെമ്പള്ളിയിലും എടിഎമ്മിൽ മോഷണ ശ്രമമുണ്ടായി. കൊരട്ടിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം തകർത്ത് 25 ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മിൽനിന്ന് 10 ലക്ഷം രൂപയും നഷ്ടമായി.