ബ്രൂവറി: എക്സൈസ് ‘പത്രക്കുറിപ്പി’ൽ അന്വേഷണംതേടി ആഭ്യന്തരവകുപ്പിന് കത്ത്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം∙ ബ്രൂവറി വിഷയത്തില്‍ എക്സൈസിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് അഡീ. ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തരവകുപ്പിനു കത്തു നല്‍കി. തന്റെ അനുമതിയില്ലാതെ പത്രക്കുറിപ്പ് പുറത്തിറങ്ങിയോ എന്ന് അന്വേഷിക്കണമെന്നതാണ് ആവശ്യം. വകുപ്പുതല അന്വേഷണത്തിന് എക്സൈസ് ഡപ്യൂട്ടി സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

ബ്രൂവറികള്‍ക്ക് അനുമതി നൽകിയെന്ന വിവാദമുണ്ടായപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായാണ് എക്സൈസ് വകുപ്പിന്റെ പേരില്‍ പത്രക്കുറിപ്പ് ഇറങ്ങിയത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. താന്‍ എക്സൈസ് മന്ത്രിയോടാണു മറുപടി ആവശ്യപ്പെട്ടതെന്നും എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെക്കൊണ്ടു മറുപടി പറയിപ്പിച്ചത് തന്നെ അപമാനിക്കലാണെന്നും ചെന്നിത്തല വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ അപമാനിച്ചതായി കാട്ടി അഡീ. ചീഫ് സെക്രട്ടറി ആശാ തോമസിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് െക.സി. ജോസഫ് എംഎല്‍എ അവകാശലംഘനത്തിനു സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കി.

പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റമാണിതെന്നു നോട്ടിസില്‍ കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് എക്സൈസ് മന്ത്രിയോടു ബ്രൂവറി വിഷയത്തില്‍ പത്തു ചോദ്യങ്ങള്‍ ചോദിച്ചതിനു മറുപടിയായി ‘ബ്രൂവറി വിവാദം, പ്രതിപക്ഷനേതാവിന്റെ വാദം അപഹാസ്യം’ എന്ന തലക്കെട്ടില്‍ എക്സൈസ് വകുപ്പിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പ് ഉത്തരവാദിത്തം നിറവേറ്റുന്നതില്‍നിന്നു ചെന്നിത്തലയെ പിന്‍തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിരുന്നു.